കോഴിക്കോട് മുക്കം പീഡന ശ്രമ കേസ്; പ്രതികൾ കോടതിയിൽ കീഴടങ്ങി

കോഴിക്കോട് മുക്കം പീഡന ശ്രമ കേസിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. സുരേഷ്, റിയാസ് എന്നിവരാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി ദേവദാസിനെ റിമാൻഡ് ചെയ്തിരുന്നു. കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. ഇവർക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് 11 മണിയോടെ പ്രതികൾ കോടതിയിൽ എത്തിയത്. പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മുക്കം പോലീസ് ചുമത്തിയിരിയ്ക്കുന്നത്. ഒന്നാം പ്രതിയും ഹോട്ടലുടമയായ ദേവദാസ് റിമാൻഡിലാണ്. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കുന്നംകുളത്തുവെച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പീഡനശ്രമം നടന്ന വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പീഡനശ്രമം ചെറുക്കുന്നതിനിടെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവതി താമസിക്കുന്ന വീടിന്റെ ഒന്നാം നിലയില്‍നിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായ പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ‘

