കൊയിലാണ്ടി നഗരസഭ പന്തലായനി സാംസ്ക്കാരിക കേന്ദ്രം വെള്ളിയാഴ്ച നാടിന് സമർപ്പിക്കും

കൊയിലാണ്ടി നഗരസഭ പന്തലായനി സാംസ്ക്കാരിക കേന്ദ്രം 9ന് വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 2024 – 25 പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവഴിച്ചാണ് 15-ാം വാർഡിൽ സാംസ്ക്കാരിക നിലയം നിർമ്മിച്ചത്. 9ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ചെരിയാലതാഴവെച്ച് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.പി സുധ കെട്ടിടം നാടിന് സമർപ്പിക്കും. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷതവഹിക്കും.

പരിപാടിയോടനുബന്ധിച്ച് 15-ാം വാർഡിലെ അംഗൻവാടി, കുടുംബശ്രീ കലോത്സവം (വാർഡ് കലോത്സവം) എന്നിവയും, വിവിധ മേഖലയിൽ കഴിവുതെളിയിച്ച പ്രതിഭകളുൾപ്പെടെയുള്ളവർക്കുള്ള അനുമോദനവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ മുന്നോടിയായി സംഘാടകസമിതിയുടെ നേതൃത്വത്തിൽ വർണ്ണശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, എം.വി ബാലൻ, വി.കെ രേഖ, സി.കെ ആനന്ദൻ, ശ്രീധരൻ അമ്പാടി, ജേക്കബ് തോമസ്, ശിവൻ ശ്രീലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

