KOYILANDY DIARY.COM

The Perfect News Portal

കോട്ടയം റാഗിങ്ങ് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. സീനിയർ വിദ്യാർത്ഥികളായ സാമൂവൽ, ജീവ, റിജിൽ ജിത്ത്,  രാഹുൽ രാജ്, വിവേക് എന്നിവരാണ് പ്രതികൾ. നേരത്തെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തളളിയിരുന്നു.

കഴിഞ്ഞ മാസം 11 നാണ് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി റാഗ് ചെയ്ത പ്രതികളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇവരെ കഴിഞ്ഞ ദിവസം ഏറ്റുമാനൂർ മുൻസിഫ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. നിലവിൽ വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതിനിടെ നഴ്സിങ്ങ് പഠനത്തിന് ഇവർ അർഹരല്ലെന്നും തുടർ പഠനത്തിൽ നിന്നും വിലക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഴ്സിങ് കൗൺസിൽ ​ഗവൺമെന്റ് നഴ്സിങ് കോളേജ് അധികൃതർക്കും, സംസ്ഥാന ആരോ​ഗ്യ വകുപ്പിനും നിർദേശം നൽകിയിരുന്നു.

Share news