കൊയിലാണ്ടി നഗരസഭ “വലിച്ചെറിയൽ മുക്തവാരം” ക്യാമ്പയിൻ ഉദ്ഘാടനം നടത്തി

കൊയിലാണ്ടി നഗരസഭ “വലിച്ചെറിയൽ മുക്തവാരം” ക്യാമ്പയിൻ ഉദ്ഘാടനം നടത്തി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ “വലിച്ചെറിയൽ മുക്ത വാരം” ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ കെ അജിത്ത് മാസ്റ്റർ, കെ ഷിജു മാസ്റ്റർ, കെ.എ ഇന്ദിര ടീച്ചർ, നിജില പറവ കൊടി എന്നിവർ സംസാരിച്ചു. പരിപാടിയിൽ കൗൺസിലർമാർ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബഹുജന സംഘടന പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നതിനും പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുന്നതിനും വൃത്തിയും സൗന്ദര്യവും ഉള്ള നാടും റോഡും നഗരവും സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഒരാഴ്ചക്കാലം “വലിച്ചെറിയൽ മുക്ത വാരം” ക്യാമ്പയിൻ നടത്തുന്നത്. ക്യാമ്പയിനോടനുബന്ധിച്ച് പന്തലായനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു.
