കൊയിലാണ്ടി ഗവ: കോളജിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ 47 വർഷത്തിന് ശേഷം ഒത്തുചേരുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ നീണ്ട 47 വർഷത്തിനു ശേഷം ഒത്തുചേരുന്നു. ഓർമചെപ്പ് എന്ന് പേരിട്ട വാട്സാപ്പ് കൂട്ടായ്മയിലൂടെ കണ്ടെത്തിയ 130 ഓളം വരുന്ന പഴയ സഹപാഠികൾ നവബർ 12 ന് രാവിലെ 9.30ന് കൊയിലാണ്ടി നഗരസഭ ടൌൺ ഹാളിലാണ് ഒത്തുകൂടുന്നത്.

1975 ലാണ് ഗവ: കോളജ് കൊയിലാണ്ടിയിൽ ആരംഭിക്കുന്നത്. കോമേഴ്സ്, ഹിസ്റ്ററി എന്നീ രണ്ടു ബാച്ചുകളിലായി 160 കുട്ടികളാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കൊയിലാണ്ടിയിലെ പഴയ ബോയ്സ് ഹൈസ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള 6 ക്ലാസ് മുറികളിലായിരുന്നു കോളജിന്റെ പ്രവർത്തനം ആരംഭിച്ചത്.

47 വർഷത്തിന് ശേഷം സഹപാഠികളെ കാണാനുള്ള ആവേശത്തിലാണ് മുഴുവൻ പേരുമെന്ന് കൂട്ടായ്മയുടെ പ്രധാന പ്രവർത്തകരായ വായനാരി വിനോദ്, കരുണൻ അമ്പാടി, അജയൻ. എം. എം., രാജൻ പഴങ്കാവിൽ, രാജൻ കേളോത്ത്, ഹരിദാസ് ആന്തട്ട എന്നിവർ പറഞ്ഞു. 1975 ൽ കൊയിലാണ്ടിയിൽ പ്രി ഡിഗ്രി രണ്ടു ബാച്ചുകളായി ആരംഭിച്ച കോളജ് ഇപ്പോൾ പിജി കോഴ്സുകൾ ഉൾപ്പെടെയുള്ള വലിയ കലാലയമായി മുചുകുന്നിൽ SARBTM ഗവ. കോളജ് എന്ന പേരിൽ വളർന്നു വികസിച്ചിരിക്കയാണ്.

