വീണ്ടും പുരസ്കാര നിറവിൽ കൊയിലാണ്ടി അഗ്നിരക്ഷാ നിലയം

വീണ്ടും പുരസ്കാര നിറവിൽ കൊയിലാണ്ടി അഗ്നിരക്ഷാ നിലയം. സ്തുത്യർഹ സേവനത്തിനു രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിനു അർഹനായി കൊയിലാണ്ടി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു. 1999 ൽ സർവീസിൽ പ്രവേശിച്ചു. വെളിമാടുകുന്ന്, പേരാമ്പ്ര, മുക്കം, കൊയിലാണ്ടി എന്നീ വിവിധ അഗ്നിരക്ഷാ നിലയങ്ങളിൽ സേവനമനുഷ്ഠിച്ചു.

നിരവധിയായ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായ ഇദ്ദേഹം കടലുണ്ടി തീവണ്ടി ദുരന്തം, മിഠായിത്തെരുവിലെ വിവിധ കാലങ്ങളിൽ നടന്ന തീപിടുത്തങ്ങൾ, 2018, 2019 കാലത്തെ വെള്ളപ്പൊക്ക സമയത്തെ ധീരമായ രക്ഷാപ്രവർത്തനങ്ങൾ, കോഴിക്കോട് ഐസ് പ്ലാന്റിൽ അമോണിയം ലീക്കായതിനെ തുടർന്നുണ്ടായ അത്യന്തം അപകടകരമായ രക്ഷാപ്രവർത്തനം, 2024 മഴക്കാലത്ത് ബാലുശ്ശേരി മഞ്ഞപ്പാലം പുഴക്ക് കുറുകെ വടം കെട്ടി തൂങ്ങി മറുകര എത്തി കുടുംബത്തെ ഇക്കരെ എത്തിച്ച രക്ഷാപ്രവർത്തനം, നൂറുകണക്കിന് കിണർ അപകടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനം എന്നിങ്ങനെ ആയിരക്കണക്കിന് രക്ഷാപ്രവർത്തനങ്ങളിൽ ഇദ്ദേഹം വിവിധ കാലങ്ങളിൽ പങ്കാളിയായി.

2021ൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിനും ഇദ്ദേഹം അർഹനായി. നിലവിൽ കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി ജോലി ചെയ്തു വരുന്ന ഇദ്ദേഹം ഈ വർഷം ഏപ്രിൽ മാസത്തിൽ വിരമിക്കാൻ ഒരുങ്ങുകയാണ്. കൊയിലാണ്ടി പെരുവട്ടൂർ പീടിക കണ്ടി ഹൗസിലാണ് താമസം. ഭാര്യ ബിന്ദു. മക്കൾ യദുകൃഷ്ണ, മാളവിക.
