കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിൽ സതീഷിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയുടെ അനുമതി. തിങ്കളാഴ്ച കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തും.

വൈകുന്നേരം നാലുമണിക്കാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള നോട്ടീസ് തിരൂർ സതീഷിന് ലഭിച്ചു. മൊഴി മാറ്റാതിരിക്കാനാണ് 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ധർമ്മരാജൻ നാല് ചാക്കുകളിലായി ആറുകോടി കുഴൽപ്പണം എത്തിച്ചെന്നും ധർമ്മരാജൻ ബിജെപി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നും തിരൂർ സതീഷ് മുൻപ് വെളിപ്പെടുത്തിയിരുന്നു.

വെളിപ്പെടുത്തൽ പുറത്തുവന്നതോടുകൂടി വിഷയം ഗൗരവകരമാണെന്നും കൂടുതൽ ആളുകൾ ഇതിന് പിന്നിലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തുടരന്വേഷണം നടത്താൻ തീരുമാനിച്ചത്.

