KOYILANDY DIARY.COM

The Perfect News Portal

വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് അധിക ട്രിപ്പുകൾ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ

കൊച്ചി: വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ജൂലൈ 15 മുതൽ അധിക ട്രിപ്പുകൾ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ്‌ (കെഎംആർഎൽ). ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ ഇതിനോടകം യാത്ര ചെയ്തു. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയിൽ പ്രതിദിനം യാത്ര ചെയ്തത്‌ ഒരു ലക്ഷത്തിലധികം പേരാണ്‌.

ഈ കാരണത്താലാണ്‌ കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാൻ കെഎംആർഎൽ ട്രിപ്പുകളുടെ എണ്ണം ഉൾപ്പെടെ വർധിപ്പിക്കുന്നത്‌. 2024 ജൂലൈ 15 മുതലാണ്‌ ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നത്‌. ഒരു ദിവസം 12 ട്രിപ്പുകളാണ്‌ കൂടുതൽ ചേർക്കുന്നത്‌. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക്  ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ കൂട്ടിച്ചേർക്കൽ ലക്ഷ്യമിടുന്നു.

 

നിലവിൽ, രാവിലെ എട്ട്‌ മണി മുതൽ പത്ത്‌ മണി വരെയും വൈകുന്നേരം നാല്‌ മണി മുതൽ ഏഴ്‌ മണി വരെയുമാണ്‌ മെട്രോയിൽ ഏറ്റവും കൂടുതൽ തിരക്ക്‌ അനുഭവപ്പെടുന്നത്‌. ഈ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള സമയദൈർഘ്യം ഏഴ്‌ മിനിറ്റും 45 സെക്കൻഡുമാണ്. പുതിയ ട്രിപ്പുകൾ കൂട്ടിച്ചേർക്കുന്നതോടെ ഈ ദൈർഘ്യം ഏഴ്‌ മിനിറ്റായി ചുരുങ്ങും.

Advertisements
Share news