കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ ഒരുവര്‍ഷം നീണ്ട ആസൂത്രണം നടത്തിയതായി എഡിജിപി
കൊല്ലം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ ഒരുവര്‍ഷം നീണ്ട ആസൂത്രണം നടത്തിയതായി എഡിജിപി എംആര്‍ അജിത് കുമാര്‍. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പ്രതികളെയും ചോദ്യം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ എല്ലാ പ്രതികളും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു.

സംഭവദിവസം തന്നെ കേസില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചിരുന്നു. പ്രതിയുടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇടയാക്കിയത്- അജിത് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ആദ്യദിവസം കിട്ടിയ ക്ലൂവില്‍ നിന്നാണ് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞത്. അന്നുതന്നെ പ്രതി കൊല്ലം ജില്ലയില്‍ നിന്നുള്ള ആളാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പൊതുജനങ്ങളില്‍ നിന്ന് കിട്ടിയ വിവരങ്ങളും സഹായകരമായി.

വളരെ ആസൂത്രണം ചെയ്താണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അനാവശ്യ സമ്മര്‍ദം മാധ്യമങ്ങളില്‍ നിന്നുണ്ടായെങ്കിലും വളരെ പ്രൊഫഷണലായാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിഐജി നിശാന്തിനി, സ്പര്‍ജന്‍കുമാര്‍, ജില്ലിയിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം അഭിനന്ദിക്കുന്നു’- എഡിജിപി പറഞ്ഞു. ‘സംഭവത്തിന് ഒരാഴ്ചയ്ക്കു മുന്‍പു രണ്ടുകുട്ടികളും ട്യൂഷന്‍ കഴിഞ്ഞ് ആറരമണിയോടെ പോകുന്നതു പ്രതികളുടെ ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്നു വീണ്ടും രണ്ടുമൂന്നു പ്രാവശ്യം കുട്ടിയെ കണ്ടു. ഒരു തവണ കുട്ടിയുടെ അമ്മ തന്നെ ട്യൂഷന്‍ സെന്ററില്‍നിന്നു കുട്ടിയെ വിളിച്ചതിനാല്‍ തട്ടിയെടുക്കല്‍ നടന്നില്ല. ഒരുപ്രാവശ്യം കുട്ടിയുടെ അമ്മച്ചി ഉള്ളതിനാല്‍ നടന്നില്ല. സംഭവ ദിവസം നാലേകാലോടെ അവിടെ എത്തി കാത്തിരുന്നു. പെണ്‍കുട്ടിയെ വണ്ടിക്കകത്ത് വലിച്ചുകയറ്റി. കുട്ടിയെ അകത്തു കയറ്റിയതിനുശേഷം അച്ഛന്റെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞു. മുഖം പൊത്തിപിടിച്ചു. റിലാക്‌സ്ഡ് ആയ സമയത്ത് ഗുളിക കൊടുത്തു. കുറെ സ്ഥലത്തു പോയ ശേഷം വീട്ടിലെത്തിച്ചു.

കുട്ടിയുടെ കയ്യില്‍നിന്നും നമ്പര്‍ വാങ്ങി പാരിപ്പള്ളിയില്‍ പോയി. അവിടെനിന്ന് ഓട്ടോ പിടിച്ച് കടയില്‍ചെന്നു സാധനം വാങ്ങി. കടയുടമയുടെ ഫോണ്‍ വാങ്ങി അമ്മയുടെ ഫോണില്‍ വിളിക്കുകയായിരുന്നു. തുടര്‍ന്നാണു വിഷയത്തിനു വലിയ മാധ്യമശ്രദ്ധ കിട്ടിയെന്നു പ്രതികള്‍ മനസിലാക്കിയത്. കുട്ടിയെ ഉപേക്ഷിച്ചശേഷം തല്‍ക്കാലം മാറിനില്‍ക്കാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു.

തെങ്കാശിയില്‍ മുറിയെടുത്തു. ഹോട്ടലിന്റെ മുന്നില്‍വച്ചാണു പ്രതികളെ പിടികൂടുന്നത്. യാത്രയില്‍ മൊബൈല്‍ പ്രതികള്‍ ഉപയോഗിച്ചിരുന്നില്ല”-എഡിജിപി പറഞ്ഞു. തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയുടെ സഹോദരനായ ജൊനാഥനാണ് ഒന്നാമത്തെ ഹീറോ എന്നും എഡിജിപി പറഞ്ഞു. രണ്ടാമത്തെ ഹീറോ അബിഗേലാണ്. അബിഗേല്‍ പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാ ചിത്രം വരച്ച രണ്ട് പേരാണ് മൂന്നാമത്തെ ഹീറോകള്‍.’- അദ്ദേഹം വിശദീകരിച്ചു
