KOYILANDY DIARY.COM

The Perfect News Portal

മാധ്യമ പ്രചാരണങ്ങൾക്കും മുൻവിധികൾക്കും അപ്പുറത്താണ്‌ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം; മന്ത്രി പി രാജീവ്‌

ന്യൂഡൽഹി: മാധ്യമ പ്രചാരണങ്ങൾക്കും മുൻവിധികൾക്കും അപ്പുറത്താണ്‌ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷമെന്ന്‌ മന്ത്രി പി രാജീവ്‌. കേന്ദ്രസർക്കാരിന്റെ ഈസ്‌ ഓഫ്‌ ഡൂയിങ്‌ സൂചികയിൽ സംസ്ഥാനം ഒന്നാമതെത്തിയത്‌ വ്യവസായ സംരംഭകരിൽ നിന്നുള്ള മികച്ച അഭിപ്രായത്തെ തുടർന്നാണ്‌. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ രണ്ടുപതിറ്റാണ്ടിലെ  കണക്കിൽ തൊഴിലാളി സമരങ്ങളുടെയും പണിമുടക്കിന്റെയും എണ്ണത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ പിറകിലാണ് കേരളം.

രാജ്യത്തിന്റെ 1.18 ശതമാനം മാത്രം വിസ്‌തൃതിയുള്ള കേരളം ജിഡിപിയിലേയ്‌ക്ക്‌ നാലുശതമാനം സംഭാവന ചെയ്യുന്നു. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്‌റ്റ്‌ കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക്‌ മുന്നോടിയായി ഡൽഹിയിൽ റോഡ് ഷോ ഉദ്‌ഘാടനം ചെയ്‌ത്‌ വ്യവസായ മന്ത്രി പറഞ്ഞു. കേരളത്തിന്റെ തൊഴിൽ നൈപുണ്യവും വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപകര്‍ പ്രയോജനപ്പെടുത്തണം. ഭൂമി ലഭ്യത പരിമിതമായതിനാൽ ഉയർന്ന സാങ്കേതിക വിദ്യയിലും വിജ്ഞാന അധിഷ്‌ഠിതവുമായ വ്യവസായങ്ങളാണ്‌ കേരളം ലക്ഷ്യമിടുന്നത്‌.

 

ഐടി, ഇതര നൂതന സാങ്കേതിക വിദ്യ മേഖലകളിൽ ഒട്ടേറെ ആഭ്യന്തര– വിദേശ കമ്പനികൾ സംസ്ഥാനത്ത്‌ നിക്ഷേപം നടത്തുന്നുണ്ട്‌. മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിൽ ലോകോത്തര കമ്പനികൾ പ്രവർത്തിക്കുന്നത് കേരളത്തിലാണ്. പ്രതിരോധ,-ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക നിർമാണ കമ്പനികൾക്കും വലിയ സാധ്യതയുണ്ട്.  പ്രവാസം അവസാനിപ്പിച്ച്‌ സംസ്ഥാനത്ത്‌ മടങ്ങിവന്ന്‌ നിക്ഷേപ സംരംഭങ്ങൾ തുടങ്ങുന്നവരുടെ എണ്ണത്തിലും വൻ വർധനയാണെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി ചെയർമാൻ സി ബാലഗോപാൽ, എംഡി എസ് ഹരികിഷോർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്‌ണൻ, കിൻഫ്ര എം ഡി സന്തോഷ് കോശി തോമസ്, ഫിക്കി  ഭാരവാഹികളായ ഡോ. സിദ്ദിഖ്‌ അഹമദ്‌, തരുൺ ജെയിൻ എന്നിവർ സംസാരിച്ചു.

Advertisements

 

Share news