ദേശീയ ഗെയിംസിൽ കേരളത്തിന് മൂന്നാം സ്വർണം; നേട്ടം വുഷുവിൽ

ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരളത്തിന് വീണ്ടും സ്വർണ നേട്ടം. വുഷുവിൽ കേരളത്തിന്റെ മുഹമ്മദ് ജസീലാണ് സ്വർണം നേടിയത്. ഇതോടെ ആകെ മെഡൽ നേട്ടം ഏഴായി. മൂന്ന് സ്വർണം, ഒരു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ നേട്ടം.

ദേശീയ ഗെയിംസിൽ വുഷുവിൽ ആദ്യമായാണ് കേരളം സ്വർണം നേടുന്നത് കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന് വുഷുവിൽ രണ്ട് വെങ്കലമുണ്ടായിരുന്നു. നീന്തലിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷ ഉയർത്തി സജൻ പ്രകാശ് വീണ്ടും ഫൈനലിൽ കടന്നു. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സജൻ ഫൈനലിൽ കടന്നത്. വനിതാ വിഭാഗം 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമും ഫൈനലിൽ പ്രവേശിച്ചു. ഇരു ഫൈനലുകളും ഇന്നു നടക്കും.

