KOYILANDY DIARY.COM

The Perfect News Portal

അയ്യപ്പ ദർശനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്ക് ടാഗ് സംവിധാനവുമായി കേരള പൊലീസ്

സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്ക് ടാഗ് സംവിധാനവുമായി കേരള പൊലീസ്. ശബരിമലയിൽ എത്തുന്ന കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാൽ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനാണ് കേരളാ പൊലീസിന്റെ ടാഗ് സംവിധാനം.

കേരള പൊലീസാണ് കുഞ്ഞു കൈകളിൽ ഈ വളയമിടുന്നത്. ഒറ്റ നോട്ടത്തിൽ ഒരു വാച്ചാണെന്ന് തോന്നും. എന്നാൽ ഇതിൽ ചില എഴുത്തുകളും അക്കങ്ങളും കാണാം. കുഞ്ഞിന്റെ ഒപ്പമുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവയാണ് വളയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്കിൽ കുഞ്ഞുങ്ങൾ കൈവിട്ട് പോയാൽ പൊലീസുകാരുടെ ശ്രദ്ധയിൽ പെടുകയും കുഞ്ഞിന്റെ കയ്യിലെ ടാഗിലെ ഫോൺ നമ്പറിൽ പൊലീസുകാർ ബന്ധപെടുകയും ചെയ്യും.

 

ഇത് വേഗം തന്നെ കുഞ്ഞിനെ സുരക്ഷിതമായി കുടുംബാംഗങ്ങളുടെ കയ്യിൽ ഏൽപ്പിക്കാനാകും. കുഞ്ഞുങ്ങളുമായി ദർശനത്തിനെത്തുന്ന മുതിർന്നവർക്ക് പൊലീസിന്റെ ഈ ടാഗ് സംവിധാനം വലിയ അനുഗ്രഹമാണ്. ബന്ധുവിന്റെ ഫോൺ നമ്പർ, പേര് എന്നിവ എഴുതിയ ടാഗ് കയ്യിൽ കെട്ടിയാണ് പൊലീസ് കുട്ടികളെ പമ്പയിൽ നിന്ന് മല കയറ്റി വിടുന്നത്.

Advertisements

 

പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്നാണ് കുട്ടികളുടെ കയ്യിൽ ടാഗ് ധരിപ്പിക്കുന്നത്. മുമ്പൊക്കെ കുഞ്ഞുങ്ങൾ കൂട്ടം തെറ്റിപ്പോയാൽ അനൗൺസ്മെൻറ് ചെയ്താണ് കുഞ്ഞുങ്ങളെ കണ്ടെത്തുക. ഇത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. 10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുമായി ദർശനത്തിന് എത്തുന്നവർ മക്കളുടെ സുരക്ഷയ്ക്കായി കയ്യിൽ ടാഗ് ധരിപ്പിക്കണമെന്നാണ് പൊലീസ് പറയുന്നത്.

Share news