‘ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളം’: മന്ത്രി വീണാ ജോര്‍ജ്

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഓണറേറിയത്തിന് പുറമേ ഇന്‍സെന്റീവ് കൂടി നല്‍കുന്നുണ്ട്. കേരളത്തില്‍ 90% ആശാവര്‍ക്കര്‍മാര്‍ക്കും 10000 മുതല്‍ 13500 രൂപ വരെ ഒരു മാസം ലഭിക്കുന്നു. കേരളത്തില്‍ ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം കൃത്യമായാണ് നടക്കുന്നത്. അവരുടെ മെറ്റെര്‍ന്നിറ്റി ലീവ് ഉറപ്പിക്കുന്നുണ്ട്. അമിത ജോലിഭാരം ഇല്ലാതെ നോക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റില്‍ ആശാവര്‍ക്കര്‍മാര്‍ക്കായി സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഓണറേറിയത്തിന്റെ 60% കേന്ദ്രവും 40% കേരളവുമാണ് നല്‍കേണ്ടത്. ഏഴായിരം രൂപ കേരളം മാത്രം നല്‍കുന്ന ഓണറേറിയമാണ്. കേന്ദ്രം നല്‍കാനുള്ളത് 100 കോടി രൂപയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അത് നല്‍കിയിട്ടില്ല. 14000 രൂപ വരെ വാങ്ങുന്ന ആശാവര്‍ക്കര്‍മാരും കേരളത്തിലുണ്ട്. എന്‍എച്ച്എമ്മിനായി കേരളത്തിന് ലഭിക്കേണ്ട തുകയും ലഭിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

