KOYILANDY DIARY

The Perfect News Portal

സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിനായി കേരളം ഒരുങ്ങുന്നു

കൊച്ചി: സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിനായി കേരളം ഒരുങ്ങുന്നു. പരിശീലന ക്യാമ്പ്‌ വ്യാഴാഴ്‌ച ആരംഭിക്കും. എറണാകുളം കോതമംഗലത്തെ എം എ കോളേജ്‌ അക്കാദമി ഗ്രൗണ്ടിലാണ്‌ പരിശീലനം. 35 പേരാകും ആദ്യസംഘത്തിൽ. ആദ്യ റൗണ്ട്‌ കളിച്ച ജി സഞ്ജുവിന്റെയും ഇ സജീഷിന്റെയും പങ്കാളിത്തം സംശയത്തിലാണ്‌.

പ്രാഥമിക റൗണ്ടിലുണ്ടായിരുന്ന 20 താരങ്ങൾക്ക്‌ പുറമെ 15 പേരെ കൂട്ടിച്ചേർക്കും. കേരള പ്രീമിയർ ലീഗിൽ (കെപിഎൽ) മികവുകാട്ടിയവർക്കാണ്‌ കൂടുതൽ സാധ്യത. സംസ്ഥാനത്തിനുപുറത്ത്‌ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളെയും പരിഗണിക്കും. പരിശീലകൻ സതീവൻ ബാലന്റെ നേതൃത്വത്തിൽ മൂന്നാഴ്‌ച ക്യാമ്പ്‌ നടക്കും. അന്തിമ ടീമിനെ ഫെബ്രുവരി ആദ്യവാരം പ്രഖ്യാപിക്കും. 

 

ഫെബ്രുവരി 21 മുതൽ മാർച്ച്‌ ഒമ്പതുവരെ അരുണാചൽപ്രദേശിലാണ്‌ ഇത്തവണ സന്തോഷ്‌ ട്രോഫി. ആകെ 12 ടീമുകൾ രണ്ട്‌ ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. ആദ്യ നാല്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌  മുന്നേറും. പിന്നീട്‌ സെമി, ഫൈനൽ. യുപിയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിലാണ്‌ മത്സരങ്ങൾ. കർണാടകയാണ്‌ നിലവിലെ ചാമ്പ്യൻമാർ. കഴിഞ്ഞ സീസണിൽ കേരളം സെമി കാണാതെ പുറത്തായി.

Advertisements

 

എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളം ഗ്രൂപ്പ്‌ എയിലാണ്‌. ആതിഥേയരായ അരുണാചലിനെ കൂടാതെ ഗോവ, അസം, മേഘാലയ, സർവീസസ്‌ ടീമുകളാണ്‌ ഗ്രൂപ്പിൽ. 21ന്‌ അസമിനെതിരെയാണ്‌ കേരളത്തിന്റെ ആദ്യകളി. പ്രധാനതാരങ്ങളായ പ്രതിരോധക്കാരൻ സഞ്ജുവിന്റെയും മുന്നേറ്റക്കാരൻ സജീഷിന്റെയും സാന്നിധ്യം ഉറപ്പില്ല. കേരള പൊലീസ്‌ താരങ്ങളായ ഇരുവർക്കും ദേശീയ പൊലീസ്‌ ചാമ്പ്യൻഷിപ്പുള്ളതിനാൽ സന്തോഷ്‌ ട്രോഫി നഷ്ടമായേക്കും. ഉത്തർപ്രദേശിൽ ഫെബ്രുവരി അവസാനമാണ്‌ പൊലീസ്‌ ചാമ്പ്യൻഷിപ്‌.