KOYILANDY DIARY.COM

The Perfect News Portal

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃക; മുഖ്യമന്ത്രി

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ മേഖലകളിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ഗവേഷണ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ശാസ്ത്ര ഗവേഷണങ്ങളുടെ ഗുണഫലങ്ങൾ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കണമെന്നതാണ് സർക്കാർ നയം. ശാസ്ത്രം ജനനന്മയ്ക്ക് എന്ന മുദ്രാവാക്യം എക്കാലവും പ്രസക്തമാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ കേരളം അഭിമുഖീകരിച്ച പ്രളയം, നിപ, കോവിഡ്, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളെ അതിജീവിച്ചത് ശാസ്ത്രീയമായ മാർഗങ്ങളിലൂടെയും പരിഹാരങ്ങളിലൂടെയുമാണ്. മാലിന്യ സംസ്‌കരണവും ഭക്ഷ്യസുരക്ഷയും ശാസ്ത്രീയ രീതികളിലൂടെ മെച്ചപ്പെടുത്താൻ സംസ്ഥാനം കഴിഞ്ഞു. ഹരിത വിപ്ലവം, പോളിയോ വാക്‌സിൻ തുടങ്ങിയവ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നത് ശാസ്ത്രത്തിലൂടെയാണ് .ഇവയിൽ കേരളത്തിനും നിർണായക പങ്ക് വഹിക്കാൻ കഴിഞ്ഞു.

 

കേരള ശാസ്ത്ര പുരസ്‌കാരം ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിലാഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. കൗൺസിലിന്റെ ഗവേഷണ, വികസന നൂതന ആശയങ്ങളുടെ സമാഹാരം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രൊഫ. കെ. പി. സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു സ്വാഗതം ആശംസിച്ചു. ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം. സി. ദത്തൻ എന്നിവർ സംബന്ധിച്ചു. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ബിനുജ തോമസ് നന്ദി രേഖപ്പെടുത്തി.

Advertisements

 

ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഗവേഷണ വികസന സ്ഥാപനങ്ങളിൽ നിന്നുള്ള വിപ്ലവകരമായ ഗവേഷണ ഫലങ്ങളെ യഥാർത്ഥ വിപണി ആവശ്യങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഗവേഷണ, വികസന മേഖലയിലെ നൂതനാശയങ്ങളിൽ നിന്ന് സാമൂഹിക വെല്ലുവിളികൾ പരിഹരിക്കാനുതകുന്ന ആശയങ്ങളെ കണ്ടെത്താനും ഉച്ചകോടി ലക്ഷ്യമിടുന്നു. ഗവേഷണ, വികസന മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളും നിക്ഷേപകരും ഉച്ചകോടിയുടെ ഭാഗമായി.

Share news