KOYILANDY DIARY.COM

The Perfect News Portal

‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡ്: മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പാലിയേറ്റീവ് പരിചരണം ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവര്‍ സന്നിഹിതരായി. കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ്.

പുതിയ രോഗികളെ രജിസ്റ്റര്‍ ചെയ്ത് തുടര്‍പരിചരണം നല്‍കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്ട്രേഷനും പരിശീലനവും നല്‍കല്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കല്‍, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം, പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഡാഷ് ബോര്‍ഡ്, പൊതുജനങ്ങള്‍ക്കുള്ള ഡാഷ് ബോര്‍ഡ് എന്നിവയാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡിലൂടെ നിര്‍വഹിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്.

 

 

ഇന്ത്യയില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു. മാത്രവുമല്ല കേരളത്തിലെ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന മാതൃകയായി അംഗീകരിച്ചിട്ടുമുണ്ട്. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷനിലെ പത്ത് പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍.

Advertisements

 

ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ ഓരോ രോഗിയുടെയും സമീപ പ്രദേശത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സേവനം ഉറപ്പാക്കി വരുന്നു. എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതിന് പുറമേയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം നടിപ്പിലാക്കി വരുന്നത്.

 

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു, സാമൂഹ്യനീതി വകുപ്പ് ഡയക്ടര്‍ അദീല അബ്ദുള്ള, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡോ. ബിപിന്‍ ഗോപാല്‍, ഡോ. മഹേഷ്, ഡോ. മാത്യൂസ് നമ്പേലി, കെ.എം. സീന, പ്യൂപ്പിള്‍ഫസ്റ്റ് ഹെഡ് ഓഫ് ഡിജിറ്റല്‍ പബ്ലിക് ഗുഡ്സ് ബോധിഷ് തോമസ്, സോഷ്യല്‍ പോളിസി ഹെഡ് രഞ്ജിത് ബാലാജി എന്നിവര്‍ പങ്കെടുത്തു.

Share news