അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നു; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേന്ദ്രം കേരളത്തിനുള്ള വിവിധ വിഹിതം ഇപ്പോഴും വെട്ടിക്കുറയ്ക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വേട്ടയാടുന്നത് തുടരുന്നുവെന്നും പ്രതിപക്ഷവും ഇതിനെ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത 66 ലെ പ്രശ്‌നങ്ങളില്‍ അവര്‍ സ്വീകരിച്ച നിലപാടും പ്രസക്തമാണ്. NH 66ല്‍ ചില ഇടത്ത് പ്രശ്‌നങ്ങള്‍ ഉണ്ട്. അത് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കേന്ദ്രത്തിനാണ് നിര്‍മ്മാണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂര്‍ണമായി ഉപേക്ഷിച്ചതാണ് ദേശീയ പാത വികസനമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലെങ്കില്‍ ദേശീയ പാത 66 ഇല്ല. NHAlയ്ക്കാണ് പൂര്‍ണ ഉത്തരവാദിത്വം. ഭൂമി ഏറ്റെടുക്കല്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊടുത്തത്. തെറ്റായ നിലപാട് സ്വീകരിച്ചത് ഏത് കമ്പനി ആണെങ്കിലും തുടര്‍ നടപടി വേണം. ആവശ്യമായ തിരുത്തല്‍ വരുത്താന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതികള്‍ രാജ്യം അംഗീകരിക്കുന്ന പദ്ധതികളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലേത് അഴിമതി രഹിതമായ സര്‍ക്കാര്‍ സംവിധാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ രീതിയില്‍ മുന്നോട്ട് പോകാന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചു. മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തനമായരുന്നു സംസ്ഥാന സര്‍ക്കാരിന്റേതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സര്‍ക്കാരിന്റെ 5-ാം വര്‍ഷത്തിലേക്കുള്ള പ്രവേശനം ജനങ്ങള്‍ വലിയ ആഘോഷമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

