കാസര്‍ഗോഡ് 21കാരിയെ ഭര്‍ത്താവ് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി

കാസര്‍ഗോഡ് 21കാരിയെ ഭര്‍ത്താവ് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. നിയമനടപടിയുമായി പെണ്‍കുട്ടിയുടെ കുടുംബം മുന്നോട്ട് പോകും. കല്ലൂരാവി സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രവാസിയായ നെല്ലിക്കട്ട സ്വദേശിയായ അബ്ദുള്‍ റസാഖിനെ 2022 ആഗസ്റ്റ് 11നാണ് വിവാഹം കഴിച്ചത്.

വിവാഹ സമയത്ത് 50 പവന്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ടിരുന്നു. നിര്‍ധനരായ കുടുംബത്തിന് ബന്ധുക്കളുടെ സഹായത്തോടെ 20 പവന്‍ സ്വര്‍ണ്ണം മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂ. വീട്ടുകാര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ച് തുടങ്ങിയതോടെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് വന്നു.

വിവരം ഭര്‍ത്താവിനെ അറിയിച്ചതോടെ വിദേശത്ത് ഭര്‍ത്താവിന്റെ അടുത്തേക്ക് കൊണ്ടു പോകാമെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണ്ണം വിറ്റ് 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിന് ശേഷമാണ് ഭര്‍ത്താവ് പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണിലേക്ക് തലാഖ് ചൊല്ലി ഓഡിയോ സന്ദേശമയച്ചത്. പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി നിയമ നടപടിയുമായി മുന്നോട്ടു പോവുകയാണ്. ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ പെണ്‍കുട്ടി ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് രജിസ്‌ട്രേറ്റ് കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്.

