KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടെ വാഹനാപകടം; കാസര്‍ഗോഡ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാസര്‍ഗോഡ് നാലാംമൈലില്‍ ടിപ്പര്‍ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല്‍ ഡി വൈ എസ് പി യുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം സജീഷ് (42) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പോലീസുകാരന്‍ സുഭാഷ് ചന്ദ്രന് പരുക്കേറ്റു. മയക്കുമരുന്ന് കേസിലെ അന്വേഷണത്തിനിടെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാര്‍ അണ്ടര്‍ പാസിലൂടെ വരുമ്പോള്‍ എതിരെ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയ്ക്ക് ശേഷം കാര്‍ കുറച്ചുദൂരം കൂടി നിരങ്ങി നീങ്ങിയതായും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

കാറിന്റെ ഇടത് ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടത് ഭാഗത്താണ് സജീഷ് ഇരുന്നിരുന്നത്. പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം നടന്നത്. മാരുതി ഓള്‍ട്ടോ കാറിലാണ് സജീഷും സുഭാഷ് ചന്ദ്രനും സഞ്ചരിച്ചിരുന്നത്. സജീഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സുഭാഷ് ചന്ദ്രനെ നാട്ടുകാര്‍ ഇ കെ നയനാര്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Share news