KOYILANDY DIARY

The Perfect News Portal

കരമന കൊലപാതകം: മുഖ്യപ്രതി വിനീത് രാജ് പോലീസ് കസ്റ്റഡിയിൽ

കരമന കൊലപാതകം: മുഖ്യപ്രതി വിനീത് രാജ് പോലീസ് കസ്റ്റഡിയിൽ. കരമനയില്‍ മരുതൂര്‍ സ്വദേശി അഖിലിനെ കമ്പിവടി കൊണ്ടടിച്ചും ഭാരമുള്ള കല്ല് ശരീരത്തിലിട്ടും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളാണ് പിടിയിലായ വിനീത് രാജ്. തിരുവനന്തപുരം രാജാജി നഗറില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കേസില്‍ നേരിട്ട് പങ്കുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡി സി പി നിതിന്‍ രാജ് പറഞ്ഞിരുന്നു. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിക്കും.

കരമനയില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന അഖിലിനെയാണ് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കാറിലെത്തിയ സംഘം കഴിഞ്ഞ ദിവസം ക്രൂരമായി കൊലപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന നാല് പേരാണ് വീടിന് സമീപമുണ്ടായിരുന്ന അഖിലിനെ വിളിച്ചുകൊണ്ടുപോവുകയും തുടര്‍ന്ന് ഓടിച്ചിട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.

Advertisements

പ്രതികള്‍ അഖിലിനെ കമ്പിവടി കൊണ്ട് പല തവണ തലയ്ക്കടിക്കുകയും തുടര്‍ന്ന് ആറുതവണ മുഖത്തും നെഞ്ചിലുമായി ഭാരമുള്ള കല്ലെടുത്തെറിയുകയും ചെയ്തു. കാര്‍ ഓടിച്ചിരുന്ന ആളടക്കം നാല് പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. അഖില്‍, അനീഷ്, വിനീഷ്, സുമേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

Advertisements

ഇവരുമായി ബന്ധമുള്ള കിരണ്‍ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലാണ്. തെരഞ്ഞെടുപ്പ് ദിവസം ബാറില്‍ നടന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് പരിശോധിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

2019-ല്‍ കരമനയിലുണ്ടായ അനന്തു കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് ഇവരെന്നും ശേഷമാണ് കൃത്യം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് അഖിലിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.