കരിപ്പൂർ സ്വർണക്കടത്ത്; സിഐഎസ്എഫ് അസി. കമാൻഡൻ്റ് നവീനിൻറെ ഫ്ളാറ്റിൽ പൊലീസ് പരിശോധന
മലപ്പുറം: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസി. കമാൻഡൻ്റ് നവീനിൻറെ ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തി. കൊണ്ടോട്ടി തലേക്കരയിലെ നവീനിൻറെ ഫ്ലാറ്റിലാണ് കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടൻറെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരിപ്പൂർ വിമാനത്താവളംവഴി 60 തവണ സ്വർണം കടത്തിയ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ നവീനിനെതിരെ കേസെടുത്തിന് പിന്നാലെയാണ് ഫ്ലാറ്റിൽ പരിശോധന നടക്കുന്നത്.

ഒക്ടോബർ അഞ്ചിന് കരിപ്പൂർ പൊലീസ് വിമാനത്താവള പരിസരത്ത് നടത്തിയ പരിശോധനയാണ് സ്വർണക്കടത്തിൻറെ ചുരുളഴിച്ചത്. പാർക്കിങ് ഏരിയയിലെ നമ്പർ പ്രദർശിപ്പിക്കാത്ത ജീപ്പിലുണ്ടായ വയനാട് സ്വദേശി എൻ വി മുബാറക്, മലപ്പുറം മൂർക്കനാടെ എ യൂസുഫ്, കൊണ്ടോട്ടിയിലെ കെ പി ഫൈസൽ, വള്ളുവമ്പ്രത്തെ എം മുഹമ്മദ് നിഷാദ് എന്നിവരെയും വിമാനത്താവളത്തിലെ ലഗേജ് വിഭാഗം ജീവനക്കാരൻ ഷറഫലിയെയും ചോദ്യം ചെയ്തതിൽ നിന്നാണ് സുപ്രധാന വിവരം ലഭിച്ചത്. മുബാറക്കും യൂസുഫും ജിദ്ദയിൽനിന്ന് സ്വർണവുമായെത്തിയ യാത്രക്കാരും ഫൈസലും നിഷാദും സ്വർണം സ്വീകരിക്കാനെത്തിയവരുമായിരുന്നു. ഇവരിൽനിന്ന് 503 ഗ്രാം സ്വർണ മിശ്രിതവും പിടികൂടി.


നവീൻ സുപ്രധാന കണ്ണി
ഫൈസലിൻറെ ഫോണിൽനിന്നാണ് കള്ളക്കടത്തുമായി ഷറഫലിക്കുള്ള ബന്ധം തെളിഞ്ഞത്. ഇയാളെ പിടികൂടി ചോദ്യംചെയ്ത പൊലീസ് രണ്ട് ഫോണും ഒരുലക്ഷം രൂപയും കണ്ടെടുത്തു. വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറുടെ ഡ്യൂട്ടി ചാർട്ട് നവീനിൽ നിന്ന് ഷറഫലിക്ക് ലഭിച്ചിരുന്നു. ഗൾഫിൽ നിന്ന് സ്വർണം അയക്കുന്ന കൊടുവള്ളിയിലെ റഫീഖിന് ഷറഫലി ഇത് അയച്ചുകൊടുത്തിട്ടുണ്ട്. നവീനുമായുള്ള വാട്സാപ്പ് ചാറ്റും ഫോണിലുണ്ട്. സ്വർണം കടത്തുന്നയാളുടെയും സാധനസാമഗ്രികളുടെയും ഫോട്ടോ, നവീന് പണം കൈമാറിയതിൻറെ വിവരം, കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് ബിസിനസ് ക്ലാസിലേക്ക് ഉയർത്താൻ നവീനുമായി നടത്തിയ ആശയവിനിമയം എന്നിവയും ചാറ്റിലുണ്ട്.

