KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മേപ്പള്ളി മനയ്ക്കൽ ഉണ്ണികൃഷണൻ അടിതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. കൊടിയേറ്റത്തിന് മുമ്പ് നിറദീപ സമർപ്പണം, കലവറനിറയ്ക്കൽ, സമാദരം എന്നിവയും നടന്നു. രാത്രി ചേലിയ കഥകളി വിദ്യാലയം പ്രഹ്ളാദചരിതം കഥകളി അവതരിപ്പിച്ചു.  
മാർച്ച് 4 ന് 7 മണിക്ക് കല്ലുവഴി പ്രകാശിന്റെ തായമ്പക, 108 നൃത്തവിദ്യാർത്ഥികൾ പങ്കെടുക്കുന്ന നൃത്ത പരിപാടി –മഞ്‌ജീര ശിഞ്‌ജിതം, ആയഞ്ചേരി വല്യെ ശമാൻ – നാടകം എന്നിവ അരങ്ങേറും.
മാർച്ച് 5 ന് വൈകീട്ട് 5 മണിക്ക്  ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്  അത് ലറ്റിക് പ്രോഗ്രാമിന്റെ ( CAP ) ഭാഗമായി 200 ഓളം സ്കൂൾ വിദ്യാർ ത്ഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി സ്പോർട്ട്സ് ഡിസ്പ്ലേ നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥിയാവും. രാവിലെ 7 മുതൽ 200 ഓളം പേർ 4 സംഘങ്ങളായി ആഘോഷ വരവിൽ പങ്കാളികളാവും. തുടർന്ന് കലാമണ്ഡലം ഹരി ഘോഷിന്റെ തായമ്പക, കലാമണ്ഡലം പ്രേംകുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി –നാട്യ ഗംഗ എന്നിവ ഉത്സവ ദിനങ്ങളെ സന്തോഷഭരിതമാക്കും. ഗംഗൻ ചേലിയ അവതരിപ്പിക്കുന്ന ഭജൻസ് – ഗാനാമൃതം നാട്യമണ്ഡപത്തിൽ അരങ്ങേറും.
Advertisements
മാർച്ച് 6 ന്  രാവിലെ 10 മണിക്ക് പ്രഭാകരൻ പുന്നശ്ശേരിയുടെ ഓട്ടൻ തുള്ളൽ. വൈകീട്ടു നടക്കുന്ന മൃത്യുഞ്‌ജ്‌യ പുരസ്കാര സമർപ്പണ പരിപാടി ഉത്സവ ദിനങ്ങളിലെ സാഹിതീ സംഗമം ആയി മാറും. പ്രശസ്ത സിനിമാ പിന്നണി ഗായിക കേരള ശ്രീ ഡോക്ടർ വൈക്കം വിജയലക്ഷ്മിക്കാണ് ഇത്തവണ പുരസ്കാരം സമ്മാനിക്കപ്പെടുന്നത്. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ ബൈജുനാഥ്, പത്മശ്രീ ചെറു വയൽ രാമൻ, ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത് ഐ. പി. എസ്, തുടങ്ങിയവർ അതിഥികളായി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പ്രധാന വേദിയിൽ വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള ആരവം നടക്കും.
മാർച്ച് 7 ന് രാവിലെ പ്രസാദ് മേലേടത്തും സംഘവും അവതരിപ്പിക്കുന്ന ഭജൻസ്. വൈകിട്ട് 7 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭന്റെ മേള പ്രമാണത്തിൽ വെളിയന്നൂർ സത്യൻ മാരാർ, മുചുകുന്ന് ശശി മാരാർ, മേള കലാരത്നം സന്തോഷ് കൈലാസ്, റിജിൽ കാഞ്ഞിലശ്ശേരി, സതീശൻ തൃക്കുറ്റിശ്ശേരി, കൊട്ടാരം ബിനു മാരാർ, മുരളി എടപ്പാൾ, ചീനങ്കണ്ടി പത്മനാഭൻ, മുചുകുന്ന് ഉണ്ണിമാരാർ, പട്ടിക്കാട് അജി തൃശൂർ, കാഞ്ഞിലശ്ശേരി അരവിന്ദൻ, കേരളശ്ശേരി കുട്ടൻ പാലക്കാട്, കേരളശ്ശേരി പ്രസാദ്, കാഞ്ഞിലശ്ശേരി ദാമോദരൻ നായർ, ഷാജു കൊയിലാണ്ടി, അയിലൂർ ഹരി പാലക്കാട്, വിപിൻ മാങ്കുറിശ്ശി, ബാബു ചെർപ്പുളശ്ശേരി, ജിഷ്ണു പഴയന്നൂർ അഗ്നേഷ് അങ്ങാടിപ്പുറം തുടങ്ങി 111 വാദ്യകലാകാരൻമാർ ചേർന്നവതരിപ്പിക്കുന്ന ആലിൻ കീഴ് മേളം ഉത്സവാഘോഷ പരിപാടികളിലെ മുഖ്യ ആകർഷണമാണ് കുടമാറ്റം ഉത്സവാഘോഷ പരിപാടികളിലെ സവിശേഷ ഇനമാണ്. പാർത്ഥസാരഥി ഭജൻസ് മണ്ഡലി തിരുവങ്ങൂരിന്റെ ഭക്തി ഗാനങ്ങൾ ക്ഷേത്ര പരിസരം ഭക്തി സാന്ദ്രമാക്കും.
മാർച്ച് 8 ന് ശിവരാത്രി നാളിൽ സർവ്വൈശ്വര്യ പൂജ, സഹസ്ര കുംഭാഭിഷേകം, ചതുശ്ശതപ്പായസ നിവേദ്യം, പ്രബന്ധകൂത്ത്, തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ പ്രമാണത്തിൽ കാഴ്ച്ചശീവേലി. രാവിലെ 10 മുതൽ നാട്യമണ്ഡപത്തിൽ നടക്കുന്ന  ശിവദം – അഖണ്ഡ നൃത്താർച്ചനയിൽ 50 ഓളം നർത്തകികൾ ശാസ്ത്രീയ നൃത്ത പരിപാടികൾ അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബു രാജ്, മലബാർ മെഡിക്കൽ കോളജ് മാനേജിങ് ഡയരക്ടർ അനിൽ കുമാർ , ഗായിക മൃദുല വാര്യർ എന്നിവർ മുഖ്യാതിഥികളാവും. നവൈകീട്ട് 6.30 മുതൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടക്കുന്ന ശയന പ്രദക്ഷിണത്തിൽ 500 ലധികം ഭക്തജനങ്ങൾ പങ്കെടുക്കും. രാത്രി 9 ന് ഡാൻസ് ഡിലൈറ്റ്.
മാർച്ച് 9, 10 തിയ്യതികളിൽ നടക്കുന്ന പള്ളിവേട്ട, കുളിച്ചാറാട്ട് എന്നിവയോടെ ഉത്സവാഘോഷ പരിപാടികൾക്ക് സമാപനം കുറിക്കും.