കളമശേരി സ്ഫോടനം: വർഗീയതയുടെ വിഷവിത്ത് വിതച്ച് നേതാക്കൾ
തിരുവനന്തപുരം: കളമശേരിയിലെ സ്ഫോടന വിവരമറിഞ്ഞ് കേരളം നടുങ്ങിയപ്പോഴും വർഗീയതയുടെ വിഷവിത്ത് വിതച്ച് സംഘപരിവാർ കേന്ദ്രങ്ങൾ. കേന്ദ്രമന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിലാണ് ഒരുവിഭാഗത്തെ ലക്ഷ്യമിട്ട് വർഗീയ പ്രചാരണം അഴിച്ചുവിട്ടത്. തീവ്രവാദ ശക്തികളോ ഹമാസ് അനുകൂലികളോ ആകാം ആക്രമണത്തിനു പിന്നിലെന്ന് സംഘപരിവാർ അനുകൂല സമൂഹമാധ്യമ പേജുകളും ഓൺലൈൻ ചാനലുകളും വാർത്ത നൽകി.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉത്തരവാദിത്വരഹിത പ്രസ്താവനയാണ് പുറത്തിറക്കിയത്. ‘‘ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുമ്പോഴും അഴിമതി ആരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട പിണറായി വിജയന്റെ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണമാണ് കളമശേരിയിൽ ഇന്ന് കണ്ടത്. കേരളത്തിൽ ഭീകരവാദികളായ ഹമാസിന്റെ ജിഹാദിനുവേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരവധികളായ ക്രിസ്ത്യാനികൾക്കുനേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുകയാണ്’’ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.


ക്രൈസ്തവ കൂട്ടായ്മകൾക്കെതിരെ ഇത്തരം ആക്രമണം നടത്തിയത് ആരാണെന്ന് പുറത്ത് വരേണ്ടതുണ്ടെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന. വർഗീയ പരാമർശമൊളിപ്പിച്ചായിരുന്നു മുരളീധരന്റെയും പ്രസ്താവന.


എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിയെന്നും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ഒഴിവിലേക്ക് മതതീവ്രവാദികളെ കൊണ്ടുവരാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത് എന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
മറുനാടൻ മലയാളി, കർമ ന്യൂസടക്കമുള്ള സംഘപരിവാർ അനുകൂല ഓൺലൈൻ മാധ്യമങ്ങളും സർക്കാരിനും മുസ്ലിംവിഭാഗങ്ങൾക്കും എതിരെ വ്യാജവാർത്തകൾ ചമച്ചു.

