മത സൗഹാർദം നിലനിർത്തുന്നതിൽ ബാഫഖി കുടുംബത്തിൻ്റെ പങ്ക് നിസ്തുലമെന്ന് കെ. മുരളീധരൻ എം പി

കൊയിലാണ്ടി: മത സൗഹാർദം നിലനിർത്തുന്നതിൽ ബാഫഖി കുടുംബത്തിൻ്റെ പങ്ക് നിസ്തുലമെന്ന് കെ. മുരളീധരൻ എം പി. വിശ്വസിക്കുന്ന മതത്തിൻ്റെ കർമ്മങ്ങൾ ജീവിതത്തിൽ കണിശമായി പാലിച്ചു കൊണ്ടു തന്നെ മതസൗഹാർദം നിലനിർത്തുന്നതിൽ നിസ്തുല പങ്കു വഹിച്ചവരാണ് കേരളത്തിലെ ബാഫഖി കുടുംബമെന്നും കെ മുരളീധരൻ എം. പി പറഞ്ഞു.

സംഘര്‍ഷവും കാലുഷ്യങ്ങളും വര്‍ധിക്കുന്ന സമകാലീന സാഹചര്യത്തില്‍ ബാഫഖി കുടുംബം മുന്നോട്ടുവെച്ച സ്നേഹ സന്ദേശം കൂടുതലായി പകര്‍ന്നു നല്‍കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ പ്രസിഡണ്ടുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഈ മാസം 19ന് കൊയിലാണ്ടിയിൽ നൽകുന്ന ആദരവ് മഹാസമ്മേളനത്തിന്റെ ഭാഗമായി സ്നേഹ വിനിമയത്തിൻ്റെ ബാഫഖി മാതൃകകൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുൽ കരീം നിസാമി അധ്യക്ഷത വഹിച്ചു. കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല വിഷയമവതരിപ്പിച്ചു. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. അഹമദ് ദേവർകോവിൽ എം എൽ എ, കെ കെ മുഹമ്മദ്, കെ കെ രാജീവൻ, സയ്യിദ് സൈൻ ബാഫഖി, അഷ്റഫ് സഖാഫി, മുജീബ് റഹ്മാൻ സുറൈജി, അബ്ദുൽ ഹക്കീം മുസ്ലിയാർ കാപ്പാട്, ഹബീബ് റഹ്‌മാൻ സുഹ്‌രി സംസാരിച്ചു.
