KOYILANDY DIARY

The Perfect News Portal

കൊല്ലത്ത്‌ 1899 സർക്കാർ സ്ഥാപനത്തിലും 609 സ്‌കൂളിലും കെ ഫോൺ കണക്‌ഷൻ

കൊല്ലം: കൊല്ലത്ത്‌ 1899 സർക്കാർ സ്ഥാപനത്തിലും 609 സ്‌കൂളിലും കെ ഫോൺ കണക്‌ഷൻ.  എൽഡിഎഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയും കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയുമായ കെ ഫോൺ ആരെയും പരിധിക്കു പുറത്താക്കില്ല. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റുമായി ജില്ലയിലെ സർക്കാർ ഓഫീസുകൾക്കു പുറമേ വീടുകളിലും സ്‌കൂളുകളിലും കെ ഫോൺ എത്തി. ആദ്യഘട്ടം ബിപിഎൽ വിഭാഗത്തിലെ 76 വീട്ടിലാണ് സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്നത്‌.
കെഎസ്‌ഇബിയും കേരള സ്റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ കെഎസ്‌ഇബി സബ്‌ സ്റ്റേഷനുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചാണ്‌ സേവനം ലഭ്യമാക്കുന്നത്‌. സർക്കാർ  അർധ സർക്കാർ സ്ഥാപനങ്ങൾക്കും പിന്നാക്ക മേഖലകളിലെ 20ലക്ഷം കുടുംബങ്ങൾക്കും സൗജന്യ അതിവേഗ ഇന്റർനെറ്റ്‌ കണക്‌ഷൻ ലഭ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യം. മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും സേവനം ലഭിക്കും.
Advertisements
ആദ്യഘട്ടം 1100 കണക്‌ഷൻ
ആദ്യഘട്ടത്തിൽ ഓരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിലെ നൂറുപേർക്ക് വീതം 1100 കണക്‌ഷനാണ് ജില്ലയ്ക്ക് അനുവദിച്ചത്. ഇതുവരെ 877 കുടുംബങ്ങൾ കണക്‌ഷന്‌ അർഹത നേടിയ പട്ടികയിലുണ്ട്‌. ചടയമംഗലം- 127, ചാത്തന്നൂർ- 120, ചവറ- 75, ഇരവിപുരം- 15, കരുനാഗപ്പള്ളി-105, കൊല്ലം-32, കൊട്ടാരക്കര-100, കുണ്ടറ-96, കുന്നത്തൂർ-107, പുനലൂർ–-100 എന്നിങ്ങനെയാണ്‌ ഇതുവരെ  തെരഞ്ഞെടുത്തവരുടെ  എണ്ണം.
 
1899 ഓഫീസിൽ
ജില്ലയിൽ കെ ഫോണുമായി ബന്ധിപ്പിക്കേണ്ട 2065 ഓഫീസിൽ 1899 എണ്ണത്തിനും കണക്‌ഷൻ നൽകിക്കഴിഞ്ഞു. 1413 ഓഫീസ്‌ കൂടി കെ ഫോൺ പരിധിയിലാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു.
609 സ്‌കൂളിൽ
കെ ഫോണിൽ ഫുൾ റേഞ്ചിലാണ്‌ ജില്ലയിലെ സ്‌കൂളുകൾ. 609 സ്‌കൂളിൽ സേവനം ലഭ്യമായി. കേബിളുകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ 756 സ്‌കൂളിൽ 609 എണ്ണത്തിന്‌ കണക്‌ഷൻ നൽകി. 796 സ്‌കൂളാണ്‌ ആദ്യഘട്ടം കെ ഫോൺ കണക്‌ഷന്‌ അർഹത നേടിയിട്ടുള്ളത്‌. അടുത്ത ഘട്ടത്തിൽ 579 സ്‌കൂളിന്‌ കണക്‌ഷൻ നൽകാനുള്ള നടപടിയും പുരോഗമിക്കുന്നു.
ഒപ്‌റ്റിക്കൽ​ ഗ്രൗണ്ട് വയർ 188.58 കിലോമീറ്ററിൽ
കെഎസ്ഇബിയുടെ ട്രാൻസ്‌മിഷൻ ടവറുകളിലൂടെയുള്ള ഒപ്‌റ്റിക്കൽ​ ഗ്രൗണ്ട് വയർ സ്ഥാപിക്കൽ 100 ശതമാനം പൂർത്തിയായി. ജില്ലയിൽ ആകെ സ്ഥാപിക്കേണ്ട 188.58 കിലോമീറ്ററും പൂർത്തിയായി. വൈദ്യുതി തൂണുകളിലൂടെയുള്ള എഡിഎസ്എസ് ഒഎഫ്സി കേബിളുകൾ 94ശതമാനവും സ്ഥാപിച്ചു. 2006.9  കിലോമീറ്ററിൽ 1885.3 കിലോമീറ്റർ സ്ഥാപിച്ചുകഴിഞ്ഞു. 26 പോപുകളിൽ (പോയിന്റ് ഓഫ് പ്രസൻസ്) 25 പൂ‍ർത്തിയായി.
കുണ്ടറ പ്രധാന കേന്ദ്രം
കെഎസ്‌ഇബി കുണ്ടറ 220 കെവി സബ് ‌സ്റ്റേഷനാണ്‌ കെ ഫോണിന്റെ ജില്ലയിലെ പ്രധാന കണക്‌ഷൻ കേന്ദ്രം (കോർ പോപ്‌). അമ്പലപ്പുറം, അഞ്ചൽ, ആയൂർ, ചെങ്ങമനാട്‌, ഇടമൺ, പാരിപ്പള്ളി, പുനലൂർ എന്നിവിടങ്ങളിലാണ്‌ അഗ്രിഗേഷൻ പോപ്‌‌. ഇവിടെനിന്നാണ് മറ്റിടങ്ങളിലേക്ക്‌ (പ്രീ അഗ്രിഗേഷൻ) കണക്‌ഷൻ നൽകുക.