കെ. ജി. ജോർജിനെ കൊയിലാണ്ടിക്കാർക്ക് മറക്കാൻ കഴിയില്ല
കൊയിലാണ്ടി: കൊയിലാണ്ടിക്കാർക്ക് മറക്കാൻ കഴിയാത്ത സിനിമാക്കാരനായിരുന്നു കെ. ജി. ജോർജ്. കൊയിലാണ്ടിയിലെ സമാന്തര സിനിമാ പ്രവർത്തകർക്കും ആസ്വാദകർക്കും എത്ര പ്രിയപ്പെട്ടവനായിരുന്നു അദ്ധേഹം എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. 2014-ൽ കൊയിലാണ്ടിയിലെ സാംസ്ക്കാരിക സംഘടനയായ ആദി ഫൗണ്ടേഷനും, നഗരസഭയും, ഫിഫ്ക്കയും സംയുക്തമായി നടത്തിയ മൂന്ന് ദിവസം നീണ്ട് നിന്ന ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് കെ. ജി ആയിരുന്നു.

ആദി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും അദ്ദേഹത്തിനായിരുന്നു ലഭിച്ചത്. കഥകളി രംഗത്തെ അതുല്ല്യ പ്രതിഭയായ ഗുരു ചേമഞ്ചേരിയോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് തന്റെ കലാജീവിതത്തിലെ മികച്ച മുഹൂർത്തമായി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തതിൽ പറയുകയുണ്ടായി. മൂന്ന് ദിവസവും മുഴുവൻ സമയവും അദ്ദേഹം ഫെസ്റ്റിവലിൽ സജീവമായി പങ്കാളിയായി.


പ്രസിദ്ധ നിരൂപകരായ ഐ. ഷൺമുഖദാസ്, കെ.പി. മോഹൻ, വെങ്കിടേശ്, കല്പറ്റ നാരായണൻ, ജോയ് മാത്യു, ചെലവൂർ വേണു എന്നിവരുമായി നടത്തിയ സംഭാഷണങ്ങൾ നല്ല സിനിമകൾക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ താല്പര്യത്തെയാണ് പ്രകടിപ്പിച്ചത്. ഫെസ്റ്റിവലിന്റെ അവസാന ദിവസം തന്റെ സിനിമ സ്വപ്നാടനം ദ്യാരക തിയേറ്ററിൽ കാണികളോടൊപ്പം ഇരുന്നു കാണുകയും ചെയ്തു. 40 വർഷത്തിന്‌ശേഷമാണ് ഇത്തരമൊരു അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളിൽ ഏറ്റ വും കൂടുതൽ ഗൃഹപാഠം ചയ്ത സിനിമയാണ് സ്വപ്നാടനം എന്ന് അദ്ധേഹം പറയുകയും ചെയ്തു.


അന്നത്തെ എം.എൽ.എ. കെ. ദാസൻ, നഗരസഭ ചെയർപേഴേസൺ കെ. ശാന്ത, മുൻ എം.എൽ.എ.പി. വിശ്വൻ മാസ്റ്റർ, കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ മാസ്റ്റർ, കെ. പി. വിനോദ് കുമാർ, വായനാരി വിനോദ്, ഇ.കെ. അജിത്ത് എന്നിവരോടൊപ്പം ഏറെ നേരം ചിലവഴിച്ചാണ് അദ്ധേഹം മടങ്ങിയത്.

