ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് അപകടം; മൂന്ന് മരണം

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു മരണം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48), പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച റീന ഒളിമ്പ്യൻ കെ എം ബീനാ മോളുടെ സഹോദരിയാണ്.

ഇന്നലെ രാത്രി ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടം അറിഞ്ഞയുടൻ പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

