അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍; തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍

അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ളവരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് നിരോധിച്ച് ജമ്മുകശ്മീര്‍. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി. ലെഫ്റ്റനന്റ് ഗവര്‍ണറാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്. തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് നടപടി. അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947- 2012 തുടങ്ങിയ പുസ്തകങ്ങളാണ് നിരോധിച്ചത്.

തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്നു, തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു, യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പുസ്തകങ്ങള്‍ നിരോധിക്കാനായി പറഞ്ഞത്. നിരോധന വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ വിവിധ വകുപ്പുകള്‍ക്കും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിനും കൈമാറിയിട്ടുണ്ട്.

ഇവ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ദോഷകരമാണെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഉത്തരവ് പ്രകാരം ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചന്ദ്രകേര്‍ ഭാരതി പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തില്‍ പറയുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും പൂര്‍ണമായി നിരോധിക്കുകയും പലതും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

