ചർച്ച ചെയ്യേണ്ടത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെന്ന് ജെയ്ക്ക് സി തോമസ്

ചർച്ച ചെയ്യേണ്ടത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെന്ന് എ..ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ ഉടനീളം ജെയ്ക്കിന്റെ വാഹന പര്യടനവും ആരംഭിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് നടന്നത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് നേരിടും.

ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ജെയ്ക്ക് സി തോമസിന്‍റെ മാത്രമാണ് പരിഗണിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനമാണ് തെയ്ക്ക് നടത്തിയത്. ഇതും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജെയ്ക്കിന് അനുകൂല ഘടകമായി.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്.

