KOYILANDY DIARY.COM

The Perfect News Portal

പാഠപുസ്തകത്തിൽനിന്ന് ഗുരുദർശനം ഒഴിവാക്കിയെന്നത് തെറ്റായ പ്രചരണം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ദർശനങ്ങൾ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് പാഠപുസ്തകങ്ങൾ ഒരു പ്രാവശ്യമെങ്കിലും മറിച്ചു നോക്കാൻ ഇവർ സമയം കണ്ടെത്തണം.

കേരളത്തിന്റെ സാംസ്‌കാരികപാരമ്പര്യവും സാംസ്‌കാരിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ സംഭാവനകളും നവോത്ഥാന നായകന്മാരുടെ രചനകൾക്കും തുല്യ പ്രാധാന്യം നൽകിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയത്. അഞ്ചാം ക്ലാസ്സ് മലയാളം ഭാഗം രണ്ട് ഏഴിലെ സാമൂഹ്യശാസ്ത്രം ഭാഗം ഒന്ന്, എട്ടിലെ സാമൂഹ്യശാസ്ത്രം ഭാഗം രണ്ട്, കേരളപാഠാവലി യൂണിറ്റ് രണ്ട്, സംസ്‌കൃതം അഞ്ചാം പാഠം, ഒമ്പതിലെ മലയാളം ഭാഗം രണ്ട്, പത്തിലെ സംസ്‌കൃതം യൂണിറ്റ് മൂന്ന് എന്നീ ഭാഗങ്ങളിൽ ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്‌. പ്ലസ്‌ വൺ, പ്ലസ്‌ ടു പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം ആരംഭിക്കുന്ന ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിക്കും.

ദേശീയതലത്തിൽ രാജ്യത്തിന്റെ ചരിത്രത്തെ തമസ്‌കരിച്ച് കാവിവൽക്കരണ നടപടികൾ കേന്ദ്രം സ്വീകരിക്കുന്നതിനെതിരെ ഒന്നും മിണ്ടാത്തവരാണ് കേരളത്തിൽ ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിൽ സർവകലാശാല ആരംഭിച്ച എൽഡിഎഫ് സർക്കാരിനെതിരെയുള്ള ഈ വിമർശം പൊതുസമൂഹം തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.

Advertisements

 

Share news