KOYILANDY DIARY

The Perfect News Portal

അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം

ഗാസ: പലസ്തീൻ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. പലസ്തീൻ മാധ്യമമായ വഫയാണ് ചൊവ്വാഴ്ച പുലർച്ചെ ആക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്തത്. മധ്യ ഗാസ മുനമ്പിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമാക്കി നടന്ന അപകടത്തിൽ 17 സാധാരണക്കാർ കൊല്ലപ്പെട്ടു. ഈ മാസം മാത്രം നടന്ന ആക്രമണങ്ങളിൽ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ 274 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.

ബുറേജി അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ ഒന്നിലധികം പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റു‌‌വെന്നും റിപ്പോർട്ടുണ്ട്. നുസൈറത്തിന് വടക്കുള്ള അൽ-മുഫ്തി പ്രദേശവും ഗാസ സിറ്റിയിലെ താൽ അൽ-ഹവ, അൽ-സെയ്തൂൺ പ്രദേശങ്ങളും ലക്ഷ്യമിട്ട് അധിനിവേശ യുദ്ധവിമാനങ്ങൾ ശക്തമായ വ്യോമാക്രമണം നടത്തി. ​ഗാസ മുനമ്പിലുടനീളം ഇസ്രയേൽ യുദ്ധവിമാനങ്ങൾ റെയ്ഡ് ശക്തമാക്കി. 

 

മാനുഷിക സഹായം എത്തിക്കുന്നതിനായി തെക്കൻ ഗാസയിലെ ചില പ്രദേശങ്ങളിൽ പകൽയുദ്ധം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ സൈന്യം ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ തിങ്കളും ചൊവ്വയും സേനയുടെ ആക്രമണം തുടരുകയാണെന്ന്  പ്രദേശവാസികളും ആരോഗ്യ പ്രവർത്തകരും പറഞ്ഞു. റഫ ക്രോസിംഗിന്റെ പലസ്തീന് ഭാഗത്തുള്ള ഡിപ്പാർച്ചർ ഹാൾ ഇസ്രയേൽ സൈന്യം തിങ്കളാഴ്ച അഗ്നിക്കിരയാക്കിയതായി പലസ്തീൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 

Advertisements

 

സംഘർഷത്തിന്റെ ഫലമായി ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 151 ആയി ഉയർന്നതായി ഗാസ മീഡിയ ഓഫീസ് ഞായറാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം തങ്ങളുടെ 193 സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതായി ഐ​ക്യരാഷ്ട്രസംഘടന പത്രക്കുറിപ്പിൽ അറിയിച്ചു. യുഎന്നിന്റെ ചരിത്രത്തിലെ തന്നെ ഉയർന്ന കണക്കാണിത്. സന്നദ്ധപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമിടയിലെ മരണങ്ങളിൽ ഭൂരിഭാഗവും ഇസ്രയേൽ സൈനിക നടപടികളുടെ ഫലമാണ്. ഒക്ടോബർ ഏഴ് മുതൽ ഗാസയ്ക്കെതിരായ ഇസ്രയേൽ ആക്രമണത്തിൽ 37,347 പേർ കൊല്ലപ്പെടുകയും 85,372 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.