KOYILANDY DIARY.COM

The Perfect News Portal

ആക്രമണം ബോധപൂർവം; ഡോ. വന്ദനദാസ് വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

ഡോ. വന്ദനദാസ് വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവം ആക്രമണം നടത്തുകയായിരുന്നു. പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 1050 പേജുകളും 136 സാക്ഷി മൊഴികൾ ഉൾപ്പെടുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകൾ സഹിതമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കഴിഞ്ഞ മേയ് 10 ന് പുലർച്ചെ 4.35 നാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകൾ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് (42) അക്രമാസക്തനായി കത്രിക ഉപയോഗിച്ച് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതി സന്ദീപ് വന്ദനയുടെ കഴുത്തിലും മുഖത്തും തലയിലും കുത്തി. നിലത്തുവീണപ്പോൾ ശരീരത്തിൽ കയറിയിരുന്ന് പിൻകഴുത്തിൽ ആഴത്തിൽ കത്രിക കുത്തിയിറക്കി.

Advertisements

ആറ് തവണയാണ് കുത്തേറ്റത്. ആഴത്തിൽ കുത്തേറ്റ വന്ദനദാസിനെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ കോടതി തള്ളിയിരുന്നു.

Share news