KOYILANDY DIARY

The Perfect News Portal

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ക്രോപ് ബ്രീഡിംഗ് സ്ഥാപിക്കും; മന്ത്രി കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം: വിളകളുടെ ഉൽപ്പാദനവും പ്രതിരോധവും സംബന്ധിച്ച് മേഖലയിൽ പുതിയ ഗവേഷണങ്ങൾ നടത്തുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ക്രോപ് ബ്രീഡിംഗ് സ്ഥാപിക്കുമെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. പ്രാഥമിക പ്രവർത്തനങ്ങൾക്കായി 2 കോടി രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു. 

വിള ആരോഗ്യ പരിപാലനത്തിനായി 13 കോടി രൂപയും ഫാം യന്ത്രവൽക്കരണത്തിനുള്ള സഹായ പദ്ധതിയ്ക്കായി 16.95 കോടിയും കൃഷി ഉന്നതി യോജനക്ക് കീഴിലുള്ള വിവിധ സ്കീമുകളുടെ സംസ്ഥാന വിഹിതമായി 77 കോടി രൂപയും വകയിരുത്തി. കുട്ടനാട്ടിലെ പരമ്പരാഗത “പെട്ടിയും പറയും” സമ്പ്രദായത്തിന് പകരം വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പും മോട്ടോർ തറയും സ്ഥാപിക്കുന്നതിനും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായും 36 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഗവേഷണ പ്രവർത്തനങ്ങൾക്കായി 42 കോടി രൂപ ഉൾപ്പെടെ കാർഷിക സർവ്വകലാശാലയ്ക്ക് 75 കോടിയും അനുവദിച്ചു.

മൃഗസംരക്ഷണം

Advertisements

മൃഗസംരക്ഷണ മേഖലയ്ക്ക് 277.14 കോടി വകയിരുത്തിയതായി മന്ത്രി അറിയിച്ചു. മൃഗസംരക്ഷണ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 82.50 കോടി രൂപയും കേരളാ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയ്ക്ക് 57 കോടി രൂപയും അനുവദിച്ചു. മൃഗചികിത്സാ സേവനങ്ങൾ ശക്തിപ്പെടുത്താൻ 32.18 കോടി രൂപയും പ്രത്യേക കന്നുകാലി പരിപാലന പരിപാടിക്കായി 42.50 കോടി രൂപയും വകയിരുത്തി. കേരള ഫീഡ്സിനുള്ള ധന സഹായമായി 16.20 കോടിയും മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിന് 17.14 കോടിയും അനുവദിച്ചു. “മൃഗസംരക്ഷണ സേവനങ്ങൾ വീട്ടുപടിയ്ക്കൽ” എന്ന പദ്ധതിക്കാി 17 കോടി രൂപ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.