പാരീസ് പാരാലിംമ്പിക്സിൽ റെക്കോർഡ് മെഡൽ നേട്ടവുമായി ഇന്ത്യ
പാരീസ് പാരാലിംമ്പിക്സിൽ റെക്കോർഡ് മെഡൽ നേട്ടവുമായി ഇന്ത്യ. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകൾ നേടിയതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 20 ആയി ഉയർന്നു. ഇതോടെ ടോക്കിയോ പാരാലിമ്പിക്സിൽ നേടിയ 19 മെഡൽ എന്ന റെക്കോർഡ് ഇന്ത്യ മറികടന്നു. മൂന്ന് സ്വർണ്ണമുൾപ്പടെ 20 മെഡലുകളുമായി ഇന്ത്യ പോയിൻ്റ് പട്ടികയിൽ 17-ാം സ്ഥാനത്തേക്കുയർന്നു.

ജാവലിൻ ത്രോയിൽ അജിത്ത് സിംഗ് വെള്ളി മെഡലും സുന്ദർ സിംഗ് വെങ്കല മെഡലും നേടിയപ്പോൾ ഹൈജമ്പിൽ ശരത്കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 400 മീറ്ററിൽ 55.82 സെക്കൻഡിൽ ദീപ്തി ജീവൻജി വെങ്കല മെഡൽ സ്വന്തമാക്കി.

മൂന്ന് സ്വർണ്ണവും ഏഴ് വെള്ളിയും പത്ത് വെങ്കലവുമാണ് പാരീസിൽ ഇതു വരെയുള്ള ഇന്ത്യയുടെ നേട്ടം. മെഡൽ നേട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ചൈനയും, ബ്രിട്ടണും, അമേരിക്കയുമാണ്. ഇന്ത്യക്ക് ഇന്നും മെഡൽ പ്രതീക്ഷകളുള്ള മത്സരങ്ങളുണ്ട്. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം നേടിയ ഇന്ത്യയുടെ ആവണി ലേഖറ തുടർച്ചയായി പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി.

