നാദാപുരത്ത് കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി

നാദാപുരം: നാദാപുരത്ത് കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി. കർണാടക ആർഎഎഫ് 97 ബറ്റാലിയൻ കമാൻഡന്റ് അനിൽ കുമാർ ജാദവിൻറെ നേതൃത്വത്തിൽ 75 സേനാംഗങ്ങളാണ് നാദാപുരം, വെള്ളൂർ, പുറമേരി, വളയം, തൂണേരി എന്നിവിടങ്ങളിൽ റൂട്ട് മാർച്ച് നടത്തിയത്.

കേന്ദ്ര ആഭ്യന്തര വകുപ്പിൻറെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് കോഴിക്കോട് റൂറൽ ജില്ലയിൽ ഹൈപ്പർ സെൻസിറ്റീവ് ആയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സേനാംഗങ്ങൾ എത്തിയത്. പൊതുജനങ്ങൾക്ക് ആത്മവിശ്വാസം നൽകുകയെന്നതും സേനയുടെ സാന്നിധ്യം അറിയിക്കുക എന്നതുമാണ് റൂട്ട് മാർച്ചിൻറെ ലക്ഷ്യം.
അതീവ സെൻസിറ്റീവ് ആയ സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയവും മതപരവുമായ മുൻ സംഘർഷങ്ങളുടെ ഡാറ്റ ശേഖരിച്ചതായും ആർഎഎഫ് അധികൃതർ പറഞ്ഞു. നാദാപുരം സിഐ ഇ വി ഫായിസ് അലി, എസ്ഐ എസ് ശ്രീജിത്ത് എന്നിവരും കേന്ദ്ര സൈനികർക്കൊപ്പം റൂട്ട് മാർച്ചിൽ പങ്കെടുത്തു.
