ഗുജറാത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ലാബ് ടൂൾ കൊണ്ട് പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പട്ടാപ്പകൽ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. അഹമ്മദാബാദിലുള്ള ഖോഖ്രയിലെ സെവൻത് ഡേ സ്കൂളിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. സ്കൂളിൽ നിന്ന് ഏതാനും വാരെ അകലെയുള്ള മനിയാഷ സൊസൈറ്റിയുടെ ഗേറ്റിന് സമീപം വെച്ചാണ് മൂർച്ചയുള്ള ലാബ് ഉപകരണം ഉപയോഗിച്ച് എട്ടാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ കുത്തിയത്.

മുൻ വൈരാഗ്യമാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് കരുതുന്നത്. കുത്തേറ്റ കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു. സഹപാഠികൾ ഉടൻ സർദാർ പട്ടേൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി. കൊലപാതകം തടയാൻ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡുകൾ ശ്രമിച്ചില്ല എന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. രക്തം വാർന്ന് കിടന്ന പത്താം ക്ലാസുകാരനായ വിദ്യാർത്ഥിയെ സഹപാഠികൾ എത്തിയാണ് റിക്ഷയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്നും ദൃക്‌സാക്ഷി പറയുന്നു.

സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. മരണവാർത്ത അറിഞ്ഞ് സ്കൂളിലെത്തിയ കുടുംബം ക്യാമ്പസിലേക്ക് ഇരച്ചുകയറി സാധനങ്ങൾ തല്ലിത്തകർത്തു. കുറ്റകൃത്യം തടയുന്നതിൽ വീഴ്ച വരുത്തിയെന്നും കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് സ്കൂൾ ജീവനക്കാർക്ക് നേരെയും പ്രതിഷേധമുയർത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.




