അടിയന്തര സാഹചര്യങ്ങളില്‍ ഒരു ജീവൻ രക്ഷിക്കാം; സിപിആര്‍ നൽകേണ്ടത് എങ്ങനെ

കഴിഞ്ഞ ദിവസമാണ് സിവിൽ ഡിഫൻസ് അംഗമായി പ്രവർത്തിക്കാൻ പരിശീലനം നേടിയ യുവാവ്, ശ്വാസം നിലച്ചു പോയ സ്വന്തം കുഞ്ഞിന് സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ അത്തരം സന്ദർഭത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നുവെങ്കിൽ ഒരുപക്ഷേ ആ കുഞ്ഞിന്റെ ജീവൻ പോലും അപകടത്തിലാകുമായിരുന്നു. പലർക്കും ഇങ്ങനെയൊരു സന്ദർഭം ഉണ്ടായാൽ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് ഇപ്പോഴും അറിയില്ല.

ഒരാൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയോ ഹൃദയസ്തംഭനം (Cardiac Arrest) സംഭവിക്കുകയോ ചെയ്താൽ ആദ്യ മിനിറ്റുകൾ വളരെ നിർണായകമാണ്. അടിയന്തര വൈദ്യസഹായം എത്തുന്നതുവരെ ആ വ്യക്തിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സി.പി.ആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ എന്നുപറയുന്നത്. സി.പി.ആര്‍. നല്‍കുന്നതിലൂടെ ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിയുടെ അതിജീവന സാധ്യത ഇരട്ടിയോ മൂന്നിരട്ടിയോ വരെ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

എന്താണ് സിപിആര്‍ ?

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ രക്തചംക്രമണം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന ഒരു പ്രഥമശുശ്രൂഷാ രീതിയാണ് സി.പി.ആര്‍ എന്നുപറയുന്നത്. തലച്ചോര്‍ ഉള്‍പ്പെടെയുള്ള പ്രധാന അവയവങ്ങളിലേക്ക് രക്തയോട്ടം നിലനിർത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സി.പി.ആറിലെ പ്രധാന ഘടകം നെഞ്ചിൽ അമർത്തുന്നതാണ് (Chest Compressions). ഇത് ഹൃദയത്തിന്റെ പ്രവർത്തനം താത്കാലികമായി ഏറ്റെടുക്കുകയും രക്തം പമ്പ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

വ്യക്തി പെട്ടെന്ന് കുഴഞ്ഞുവീഴുക, വിളിച്ചാല്‍ പ്രതികരണമില്ലാതിരിക്കുക, ശ്വാസമെടുക്കാതിരിക്കുക, നാഡിമിടിപ്പ് ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഒരു വ്യക്തിക്ക് സി.പി.ആര്‍ ആവശ്യമായി വരും. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ അടിയന്തര മെഡിക്കല്‍ സേവനങ്ങളെ വിളിക്കുകയും സഹായം തേടുകയും വേണം.
പ്രധാനമായും രണ്ടുതരം സിപിആര്‍ രീതികളുണ്ട്
- ഹാൻഡ്‌സ്-ഓൺലി സി.പി.ആര്‍ (Hands-only CPR): പരിശീലനം ലഭിക്കാത്തവര്‍ക്കു പോലും എളുപ്പത്തില്‍ ചെയ്യാവുന്ന രീതിയാണിത്. ഇതില്‍ നെഞ്ചിന്റെ മധ്യഭാഗത്തായി കൈപ്പത്തികള്‍ ഒന്നിനുമുകളില്‍ ഒന്നായി വെച്ച് അതിവേഗത്തില്‍ അമര്‍ത്തുകയാണ് വേണ്ടത്. മിനിറ്റിൽ 100 മുതൽ 120 വരെ തവണ എന്ന കണക്കില്‍ വേണം നെഞ്ചിൽ അമർത്താൻ. “സ്റ്റേയിൻ എലൈവ്” (Stayin’ Alive) പോലുള്ള ഗാനങ്ങളുടെ താളം ഇതിന് സഹായകമാകും. ഓരോ തവണ അമർത്തുമ്പോഴും നെഞ്ച് ഏകദേശം 2 ഇഞ്ച് താഴേക്ക് പോകുന്നുവെന്ന് ഉറപ്പാക്കണം.
- ശ്വാസം നല്‍കിയുള്ള സി.പി.ആര്‍ (CPR with breaths): പരിശീലനം ലഭിച്ചവര്‍ക്ക് ഈ രീതി ഉപയോഗിക്കാം. 30 തവണ നെഞ്ചിൽ അമർത്തിയ ശേഷം, രോഗിയുടെ മൂക്ക് അടച്ചുപിടിച്ച് വായയിലൂടെ രണ്ടുതവണ ശ്വാസം നല്‍കണം. തുടര്‍ന്ന് നെഞ്ചിൽ അമർത്തുന്നത് ആവര്‍ത്തിക്കുക. അടിയന്തര വൈദ്യസഹായം എത്തുകയോ, വ്യക്തി സ്വയം ശ്വാസമെടുക്കാൻ തുടങ്ങുകയോ ചെയ്യുന്നതുവരെ സി.പി.ആര്‍ തുടരണം. ക്ഷീണം തോന്നുന്നുവെങ്കിൽ, സമീപത്തുള്ള മറ്റൊരാളുടെ സഹായം തേടാവുന്നതാണ്.
ആശുപത്രിക്ക് പുറത്ത് സംഭവിക്കുന്ന മിക്ക ഹൃദയസ്തംഭനങ്ങളും വീടുകളിലാണ് സംഭവിക്കുന്നത്. അതിനാല്‍, നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ സി.പി.ആര്‍ അറിഞ്ഞിരിക്കുന്നത് ഏറെ ഗുണകരമാണ്. ശരിയായ സമയത്ത് സി.പി.ആര്‍ ലഭിക്കുന്നത് തലച്ചോര്‍ പോലുള്ള അവയവങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ സംഭവിക്കുന്ന തകരാറുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. സി.പി.ആര്‍ നല്‍കുമ്പോള്‍ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും, ഒരു ജീവന്‍ രക്ഷിക്കുന്നതിനോളം വലുതല്ല ആ അപകടസാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.
