ഇതറിഞ്ഞാൽ നിങ്ങൾ ഡ്രാഗണ്‍ ഫ്രൂട്ട് ഫാനാകും; ആരോഗ്യഗുണങ്ങളിതാ…

പെട്ടെന്ന് ഒരു ദിവസം കേരളത്തിലേക്ക് കടന്നുവരികയും വ്യാപകമായി ട്രെൻഡിങ്ങാകുകയും ചെയ്ത വിദേശ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇന്ന് ഈ പഴം കഴിക്കാത്തവരായി ആരുമുണ്ടാകില്ല. എല്ലാവരുടെയും ഡയറ്റ് പ്ലാനിലും നിത്യജീവിതത്തിലും പ്രധാന പഴങ്ങളിലൊന്നായി മാറാന്‍ ഈ കുഞ്ഞന്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് കഴിഞ്ഞു. ശാസ്ത്രീയമായി നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലോകത്തിൻ്റെ വിവിധ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഉഷ്ണമേഖല പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നീ പ്രദേശങ്ങളാണ് ജന്മദേശം. മിക്കവാറും എല്ലാ രാജ്യങ്ങളിലേക്കും ഈ പഴം എത്തിക്കഴിഞ്ഞു. വളരെ ആകര്‍ഷകമായ ഈ പഴം കാണുന്നതുപോലെത്തന്നെ നിരവധി ആരോഗ്യഗുണങ്ങളും അടങ്ങിയിട്ടുള്ളതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കുടലിന്റെ ആരോഗ്യ സംരക്ഷണം, ഹൃദയാരോഗ്യം, ചര്‍മത്തിൻ്റെ തിളക്കം വര്‍ധിപ്പിക്കുക, രോഗ പ്രതിരോധം എന്നിവയിലെല്ലാം ഈ പഴം വലിയ പങ്കുവഹിക്കുന്നു. ഇനി ഈ പഴത്തിന്റെ അഞ്ച് ഗുണഗണങ്ങളിലേക്ക് കടന്നാലോ…

ആന്റി ഓക്സിഡന്റുകളുടെ കലവറ
ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധമാണ് ഈ കുഞ്ഞന്‍ പഴം. ബീറ്റാലൈന്‍, ഫ്ലേവനോയിഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍ എന്നിവ ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ ശരീരത്തിന് ദോഷകരമായിട്ടുള്ള റാഡിക്കിളുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. പഴത്തിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡൻ്റുകള്‍ ഹൃദ്രോഗം, കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.
കുടലിൻ്റെ ആരോഗ്യത്തിന് ഉത്തമം
കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായിട്ടുള്ള നാരുകളാലും പ്രീബയോട്ടിക്കുകളാലും സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഒലിഗോസാക്കറൈഡ്സ് അടങ്ങിയിട്ടുള്ള ഈ പഴം, കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള ബാക്ടീരിയകളായ ബൈഫിഡോ, ലാക്ടോബാസിലസ്സ് എന്നിവയ്ക്ക് പോഷണമായി പ്രവര്‍ത്തിക്കുന്നു. അതുപോലെ കുടലിന് ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കളെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷിക്ക് ആവശ്യമായ ആന്റിമൈക്രോബിയല്‍ സംയുക്തങ്ങളായ വിറ്റാമിന്‍ സി, ഫ്ളേവനോയിഡുകള്‍ എന്നിവ ഈ പഴത്തിലെ പ്രധാന ഘടകങ്ങളാണ്. ബാക്ടീരിയ, ഫംഗസിന്റെ വളര്‍ച്ച എന്നിവയെ ഈ സംയുക്തങ്ങള്‍ തടയുമെന്ന് ലാബ് പഠനങ്ങളില്‍ തെളിയിച്ചിട്ടുണ്ട്.
പേശികളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക്
പേശികള്‍ക്ക് ആരോഗ്യവും ബലവും നല്‍കുന്ന കാത്സ്യം, മഗ്‌നീഷ്യം എന്നിവ ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്. പേശികള്‍ക്ക് ബലം നല്‍കുന്നതിന് ദിവസവും കഴിക്കുന്നത് നല്ലതാണ്.
ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു
ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ന് പണം ചെലവഴിക്കുന്നത് ചര്‍മസംരക്ഷണത്തിനാണ്. എന്നാല്‍, കൂടുതല്‍ പണം ചെലവാക്കാതെ തന്നെ സൗന്ദര്യം നിങ്ങളെ തേടിയെത്തിയാലോ. അതും മറ്റ് പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ തന്നെ. അതിന് ഉത്തമമായിട്ടുള്ളതാണ് ഈ പഴം. ചര്‍മത്തിന് തിളക്കം വര്‍ധിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിന്‍ സിക്കൊപ്പമുള്ള ആന്റി ഓക്സിഡന്റുകള്‍ കൊളാജന്‍ ഉത്പാദിപ്പിക്കുകയും വാര്‍ധക്യലക്ഷണങ്ങളെ ചെറുക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങളില്‍ പറയുന്നു. നിരവധി ഗുണങ്ങളുള്ള ഈ പഴം മുടി തഴച്ചുവളരുന്നതിനും സഹായിക്കുന്നു.
