KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനില്‍ നിന്ന് നാല് ​സ്വർണ ക്യാപ്സ്യൂളുകൾ പിടിച്ചെടുക്കുകയായിരുന്നു.

1063.37 ഗ്രാം തൂക്കത്തിൽ ശരീരത്തിലൊളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്വർണമാണ് ക്യാപ്സ്യൂളിനുള്ളിൽ കടത്തിയത്. 86.20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 407.13 ഗ്രാം തൂക്കമുളളതും 35.62 ലക്ഷം രൂപ വില വരുന്നതും നാല് സ്വര്‍ണ്ണ ബാറുകളും പിടിച്ചെടുത്തിരുന്നു. ഇയാള്‍ ധരിച്ചിരുന്ന ജീന്‍സ് പാന്റ്സിൽ രഹസ്യമായി നിര്‍മ്മിച്ച അറയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.

Share news