മലയോര ഹൈവേ നിർമ്മാണ പ്രവൃത്തി തുടങ്ങി

ബാലുശേരി തലയാട് പടിക്കൽവയൽ – 28ാം മൈൽ മലയോര ഹൈവേ നിർമ്മാണ പ്രവൃത്തി തുടങ്ങി. പടിക്കൽ വയൽ മുതൽ 28-ാം മൈൽ വരെയുള്ള 6.75 കിലോമീറ്റർ നീളമുള്ള റോഡ് ഡിബിഎം നിലവാരത്തിലാണ് നിർമ്മിക്കുന്നത്. ഒമ്പത് മീറ്റർ കാര്യേജ് വേയും ഇരുഭാഗങ്ങളിൽ ഡ്രെയ്‌നേജ് സംവിധാനവുമുൾപ്പെടെ 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. കിഫ്ബിയിൽനിന്ന് ഇതിനായി 47 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കഴിഞ്ഞ മാസം മൂന്നിനാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനംചെയ്‌തത്. ഒന്നാം ഘട്ടത്തിൽ നിലവിലെ റോഡരികിൽ കരിങ്കൽക്കെട്ട് നിർമ്മിച്ച് റോഡിൻറെ വീതി കൂട്ടിയെടുക്കുന്ന പ്രവൃത്തിയാണ് നടത്തുന്നത്. തലയാട്-കക്കയം റോഡിലെ മൂന്ന് ഹെയർപിൻ വളവുകളടക്കം വീതി കൂട്ടിയെടുക്കേണ്ടതുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലൂടെയും ചക്കിട്ടപ്പാറ പഞ്ചായത്തിലൂടെയും മലയോര ഹൈവേ കടന്നുപോകുന്നുണ്ട്.
കൂരാച്ചുണ്ട് ടൗണിലൂടെയാണ് മലയോര ഹൈവേ നിർമ്മിക്കേണ്ടത്. ഇവിടെ സ്ഥലം അക്വിസിഷൻ നടന്നുവരികയാണ്. മലയോര ഹൈവേ പൂർത്തിയാകുന്നതോടെ കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, വയലട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ യാത്ര സുഗമമാകും. ഈ മേഖലയിലെ പ്രധാന അങ്ങാടികളായ കൂരാച്ചുണ്ട്, തലയാട് പ്രദേശങ്ങളും വികസനക്കുതിപ്പിലെത്തും.
