ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; പ്രതികളുടെ വിദേശ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം

കൊച്ചി: ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളുടെ വിദേശ നിക്ഷേപങ്ങളെക്കുറിച്ച് ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു. ഹൈറിച്ച് ഉടമകൾ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ അനുബന്ധസ്ഥാപനം ദുബായിൽ രജിസ്റ്റർ ചെയ്തതായി അന്വേഷകസംഘം കണ്ടെത്തി. ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് ബിസിനസിന്റെ മറവിൽ 1,157 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിന്റെ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

ഹൈറിച്ചിന് കടലാസ് കമ്പനികളുണ്ടോ എന്നും അന്വേഷിക്കുന്നു. ‘എച്ച്‌ആർസി ക്രിപ്‌റ്റോ’ എന്ന ക്രിപ്‌റ്റോ കറൻസി ബിസിനസിലൂടെ ഹൈറിച്ച് കമ്പനിയുടമ ചേർപ്പ് സ്വദേശി കെ ഡി പ്രതാപനും ഭാര്യ ശ്രീനയും കോടികൾ സമാഹരിച്ചതായും കണ്ടെത്തി. ഹൈറിച്ച് ഉടമകളെയും ബന്ധപ്പെട്ടവരെയും ഇഡി തുടർച്ചയായി ചോദ്യം ചെയ്‌തിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച തുക ഉപയോഗിച്ച് തമിഴ്‌നാട്, കർണാടകം സംസ്ഥാനങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയതായും സംശയിക്കുന്നു.

കോടതിനിർദേശപ്രകാരം ചോദ്യംചെയ്യലിന് ഹാജരായ പ്രതികളിൽനിന്ന് ഇഡി പരമാവധി മൊഴി ശേഖരിക്കുകയാണ്. ഇതിനുശേഷം കുറ്റപത്രം സമർപ്പിക്കും. പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ശ്രമവും നടത്തും. നേരത്തേ ഇവരുടെ 55 അക്കൗണ്ടുകളിലെ 212.45 കോടിയുടെ നിക്ഷേപം അന്വേഷകസംഘം മരവിപ്പിച്ചിരുന്നു.

