KOYILANDY DIARY.COM

The Perfect News Portal

“ജീവിതോത്സവം 25” ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഹയർ സെക്കണ്ടറി എൻ എസ് എസ്

കോഴിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ജീവിതോത്സവം ക്യാമ്പയിനുമായി ഹയർ സെക്കണ്ടറി എൻ എസ് എസ്. ജീവിതോത്സവം ക്യാമ്പയിനിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ഉമേഷ് എ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ഷാഹുൽ ഹമീദ് അദ്ധ്യക്ഷ വഹിച്ചു. എൻ എസ് എസ് റീജ്യണൽ കൺവീനർ ശ്രീജിത്ത് എസ് മുഖ്യാതിഥിയായി. എൻ എസ് എസ് സൗത്ത് ജില്ലാ കൺവീനർ എം.കെ ഫൈസൽ ലഹരി വിരുദ്ധ സന്ദേശം നൽകി.
മാനവരാശിയെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെയുള്ള മെഗാ ക്യാമ്പയിന്റെ ഭാഗമായി കോറിയോഗ്രാഫി ചാലഞ്ച്, തുടി സംഗീത നൃത്താവിഷ്കാരം, പ്രതിജ്ഞ, ഫ്ലാഷ് മോബ്, മനുഷ്യ ചങ്ങല, ടാബ്ലോ, വാൾ സ്റ്റിക്കി, ചിത്രരചന, കലാ കായിക മത്സരങ്ങൾ തുടങ്ങിയ 21 ദിന ചാലഞ്ചുകളാണ് ജീവിതോത്സവത്തിന്റെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ ഒഴിവ് സമയങ്ങളെ ക്രിയാത്മക പ്രവത്തനങ്ങളിലേക്ക് തിരിച്ച് വിടുകയാണ് ക്യാമ്പയിനിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്. 
ചേവായൂർ ക്ലസ്റ്റർ കൺവീനർ രതീഷ് ആർ നായർ, സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൽ ജലീൽ,   പ്രതീഷ് മാസ്റ്റർ പി പി, അബ്ദുൽ ഗഫൂർ മാസ്റ്റർ, എൻ എസ് എസ് വളണ്ടിയർ മിൻഹ എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് എൻ എസ് എസ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ ലഹരി വിരുദ്ധ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പൾ ഇൻ ചാർജ് കിരൺ കുമാർ ടി.വി സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രിബിജ കെ കെ നന്ദിയും പറഞ്ഞു.
Share news