KOYILANDY DIARY.COM

The Perfect News Portal

അതിവേഗ റെയിൽ പാത; ഇ ശ്രീധരന്റെ നിർദേശം മുഖ്യമന്ത്രി പരിഗണിക്കുമെന്ന് ധനമന്ത്രി

അതിവേഗ റെയിൽ പാതയിൽ സമവായ നീക്കത്തിലേക്ക് സംസ്ഥാന സർക്കാർ. മെട്രോമാൻ ഇ ശ്രീധരന്റെ നിർദേശം സർക്കാർ പരിഗണനയിൽ. ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ശ്രീധരൻ നൽകിയ നിർദേശങ്ങൾ കണക്കിലെടുത്ത് നിലവിലുള്ള ഡി.പി.ആറിൽ അടക്കം മാറ്റങ്ങൾ വന്നേക്കും. കേരളത്തിന് അതിവേഗപാത വേണമെന്ന് ഇ. ശ്രീധരൻ തന്നെ വ്യക്തമാക്കിയ നിലക്ക് കേന്ദ്രസർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. 

ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ കെ.വി തോമസ് രണ്ട് ദിവസം മുമ്പാണ് ഇ. ശ്രീധരനെ പൊന്നാനിയിലെ വസതിയിലെത്തി സന്ദർശിച്ചത്. മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് ശ്രീധരനെ കാണാനെത്തിയതെന്ന് കെ.വി തോമസ് പറഞ്ഞിരുന്നു.

കൂടിക്കാഴ്ചക്ക് പിന്നാലെ ഇ. ശ്രീധരൻ ഒരു റിപ്പോർട്ട് കെ.വി തോമസിന് നൽകുകയും അദ്ദേഹം മുഖ്യമന്ത്രിക്ക് അത് കൈമാറുകയും ചെയ്തിരുന്നു. ഇ. ശ്രീധരൻ നൽകിയ ബദൽ നിർദേശപ്രകാരം സാമ്പത്തിക ചെലവ് ഒരു ലക്ഷം കോടിയാണ്. സ്വകാര്യ വ്യക്തികളിൽനിന്ന് ഭൂമി ഏറ്റെടുക്കേണ്ടിവരില്ല എന്നതിനാൽ അതുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ടാവില്ല.

Advertisements
Share news