ഔദ്യോഗിക വാഹനങ്ങളിൽ ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ഔദ്യോഗിക വാഹനങ്ങളിൽ ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരടക്കം നിയമലംഘനം നടത്തുന്നുണ്ടെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും വി ഹരികുമാറും പറഞ്ഞു.

വാഹനങ്ങളിൽ രൂപമാറ്റം നടത്തുന്നതിനെതിരായ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. പല വാഹനങ്ങളിലും നിയമം ലംഘിച്ച് ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നിയമം പാലിക്കാത്ത ഉദ്യോഗസ്ഥർ എങ്ങനെയാണ് നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയെന്നും കോടതി ആരാഞ്ഞു.

രാഷ്ട്രപതിക്കും ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർക്കും മാത്രമാണ് വാഹനത്തിൽ ദേശീയചിഹ്നം ഉപയോഗിക്കാൻ അനുമതിയുള്ളൂ. പ്രധാനമന്ത്രിക്കുപോലും അനുമതിയില്ല. എന്നാൽ, പല ഉദ്യോഗസ്ഥരും ഇത്തരത്തിലുള്ള ബോർഡുകൾ ഉപയോഗിക്കുകയാണ്. പൊലീസും മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് വിഭാഗവും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം. ഇതുവരെ എടുത്ത നടപടികൾ അറിയിക്കാനും നിർദേശിച്ചു. ഹർജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.

