ക്രിമിനലുകളെ തേടി പൊലീസ് അസമയത്ത് വീടുകളിൽ കയറരുതെന്ന് ഹൈക്കോടതി

കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാൻ പൊലീസ് അസമയത്ത് വീടുകളിൽ കടന്നുകയറരുതെന്ന് ഹൈക്കോടതി. വീട് വ്യക്തികളുടെ സ്വകാര്യ ഇടമാണെന്നും അതിന്റെ പവിത്രത കളങ്കപ്പെടുത്തരുതെന്നും കോടതി ഓർമിപ്പിച്ചു. വീട്ടിൽ പരിശോധനക്ക് എത്തിയപ്പോൾ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് എറണാകുളം മുണ്ടംവേലി സ്വദേശിക്കെതിരേ തോപ്പുംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ അനൗപചാരികമായി നിരീക്ഷിക്കാൻ പൊലീസ് ആക്ട് അനുമതി നൽകുന്നുണ്ട്. കുറ്റകൃത്യത്തിലേക്ക് ഇവർ നീങ്ങുന്നുണ്ടെങ്കിൽ സൂക്ഷ്മമായി നിരീക്ഷിക്കുകയുമാകാം. എന്നാൽ, രാത്രികാലത്ത് വീടുകളിൽ കയറി അധികാരം കാണിക്കാനാകില്ല. ഇത്തരം കടന്നുകയറ്റം വൈകാരികമായും സാമൂഹികമായും ഒരു വ്യക്തിയെ ബാധിക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.

പോക്സോ കേസിൽ കുറ്റവിമുക്തനായ വ്യക്തിയാണ് ഹർജിക്കാരൻ. ഇയാൾ വീട്ടിൽത്തന്നെ ഉണ്ടോയെന്ന് നിരീക്ഷിക്കാനാണ് പോയതെന്നും സഹകരിക്കാത്ത സാഹചര്യത്തിലാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. എന്നാൽ, കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് കോടതിയെ സമീപിച്ചതിനാൽ പൊലീസ് നിരന്തരം ദ്രോഹിക്കുകയാണെന്നാണ് ഹർജിക്കാരന്റെ വാദം.

