KOYILANDY DIARY.COM

The Perfect News Portal

ഹേമാ കമ്മിറ്റി റിപ്പോർട്ട് ഭയമില്ലാതെ സംസാരിക്കാനുള്ള ഊർജവും ശക്തിയും നൽകി; അൻസിബ ഹസൻ

ചെങ്ങന്നൂർ: ഹേമാ കമ്മിറ്റി റിപ്പോർട്ട് ഭയമില്ലാതെ സംസാരിക്കാനുള്ള ഊർജവും ശക്തിയും നൽകിയെന്ന് ചലച്ചിത്രനടി അൻസിബ ഹസൻ പറഞ്ഞു. ജില്ലാ കുടുംബശ്രീമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് പ്രതികരണം. മോശം അനുഭവങ്ങളുണ്ടായാൽ ഒളിച്ചുവെക്കാതെ തുറന്നുപറയാൻ കഴിയണം. മുൻപ് ബസിൽ യാത്രചെയ്യുമ്പോൾ മോശം അനുഭവമുണ്ടായത് പറഞ്ഞാൽ പറയുന്നവരെ മോശക്കാരാക്കുമായിരുന്നു. എന്തിനു പറഞ്ഞുവെന്ന് നമ്മളെ കുറ്റപ്പെടുത്തുമായിരുന്നു. എന്നാൽ, ഇപ്പോൾ ആ സ്ഥിതിയല്ല. തുറന്നുപറയാൻ ഇപ്പോൾ ഭയമില്ലെന്നും അൻസിബ പറഞ്ഞു.

അതോടൊപ്പം സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃനിരയിൽ സ്ത്രീകളെത്തിയത് സിനിമ കോൺക്ലേവിന്റെ വിജയമായിട്ടാണ് കാണുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുലിയൂരിൽ ജില്ലാ കുടുംബശ്രീമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺക്ലേവിലെ പ്രധാന ചർച്ചാവിഷയം സിനിമ മേഖലയിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും തുല്യത ഉറപ്പാക്കുകയായിരുന്നു. അമ്മയുടെ നേതൃനിരയിൽ സ്ത്രീകളെത്തിയത് നല്ല കാര്യമാണ്. പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ സ്ത്രീകളാണ്. അവരെ ഈ സ്ഥാനങ്ങളിലെത്തിക്കുന്നതിന് പുരുഷന്മാരുടെ പിന്തുണയുമുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.

Share news