KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയർന്ന താപനില 38 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ കനത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. 38 ഡിഗ്രിക്ക് മുകളിലാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില. കൊല്ലം, ആലപ്പു‍ഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസാണ് താപനില. തിരുവനന്തപുരം, മലപ്പുറം, കോ‍ഴിക്കോട്, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തി.

ഇന്നും നാളെയുമായി സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇത് കണക്കിലെടുത്താണ് കാലാവസ്ഥാ വകുപ്പ് 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യപിച്ചത്. വെള്ളാനിക്കരയിലാണ് ഇന്നത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 37.7 ഡിഗ്രി സെൽഷ്യസ്. പുനലൂർ, ആലപ്പു‍ഴ, കോട്ടയം, കൊച്ചി, കണ്ണൂർ എയർപോർട്ട് എന്നിവിടങ്ങളിലും 37 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ചൂട് കൂടാനുള്ള സാധ്യത മുന്നിൽക്കണ്ട് നിർജലീകരണം ഒഴിവാക്കാൻ കൂടുതൽ വെള്ളം കുടിക്കണമെന്നാണ് നിർദേശം. ജനങ്ങള്‍ പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.