ഗുരുതര രോഗങ്ങളുള്ള ആറ് കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള ആറ് കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. ജുവനൈൽ മൈലോമോണോസിറ്റിക്ക് ലുക്കീമിയ, ഡ്യൂറൽ ആർട്ടീരിയോ വീനസ് ഫിസ്റ്റുല, ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, പ്രൈമറി ഹൈപ്പർഓക്‌സലൂറിയ ടൈപ്പ് വൺ, ക്ലാസിക് ഹോഡ്കിൻസ് ലിംഫോമ, ഷ്വാക്മാൻ ഡയമണ്ട് സിൻഡ്രോം തുടങ്ങിയവയുടെ സൗജന്യ ചികിത്സയ്ക്കായാണ് അനുമതി നൽകിയത്. മന്ത്രി വീണാജോർജിന്റെ നിർദേശാനുസരണം ആരോഗ്യകിരണം സംസ്ഥാന സമിതിയാണ് ചികിത്സ ഉറപ്പാക്കിയത്. ഈ രോഗബാധിതരുടെ ചികിത്സയ്‌ക്ക് സ്വകാര്യ മേഖലയിൽ ലക്ഷങ്ങൾ ചെലവ് വരും.

തലശേരി സ്വദേശിയായ ഒരു വയസ്സുള്ള കുട്ടിക്ക് ജുവനൈൽ മൈലോമോണോസിറ്റിക് ലുക്കീമിയ രോഗത്തിന് മലബാർ ക്യാൻസർ സെന്റർ വഴി ബോൺമാരോ ട്രാൻസ്‌പ്ലാന്റേഷൻ, പാലക്കാട് സ്വദേശിയായ 14 വയസ്സുള്ള കുട്ടിക്ക് ഡ്യൂറൽ ആർട്ടീരിയോ വീനസ് ഫിസ്റ്റുലയ്ക്ക് ശ്രീചിത്ര വഴി എംബോളൈസേഷൻ, പാലക്കാട് സ്വദേശിയായ അഞ്ചു വയസ്സുകാരന് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയക്ക് മലബാർ ക്യാൻസർ സെന്ററിൽനിന്ന് ബോൺമാരോ ട്രാൻസ്‌പ്ലാന്റേഷൻ, തിരുവനന്തപുരം സ്വദേശിയായ രണ്ടു വയസ്സുകാരിക്ക് പ്രൈമറി ഹൈപ്പർഓക്‌സലൂറിയക്ക് കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ, തിരുവനന്തപുരം സ്വദേശിയായ ആറ് വയസ്സുകാരന് ക്ലാസിക് ഹോഡ്കിൻസ് ലിംഫോമയ്ക്ക് എസ്എടി ആശുപത്രിയിൽനിന്ന് ഓട്ടോലോഗസ് സ്റ്റെംസെൽ ട്രാൻസ്‌പ്ലാന്റേഷൻ, തിരുവനന്തപുരം സ്വദേശിയായ 10 വയസ്സുകാരിക്ക് ഷ്വാക്മാൻ ഡയമണ്ട് സിൻഡ്രോമിന് മലബാർ ക്യാൻസർ സെന്റർ വഴി ബോൺമാരോ ട്രാൻസ്‌പ്ലാന്റേഷൻ എന്നിങ്ങനെയാണ് ചികിത്സ.

