കൊയിലാണ്ടിയിൽ ‘ഹർ ഘർ തിരംഗ, ഹർ ഘർ സ്വച്ഛതാ’ ക്യാമ്പയിന് തുടക്കമായി

കൊയിലാണ്ടി: സ്വാതന്ത്ര്യം പോലെ തന്നെ ശുചിത്വവും പ്രധാനപ്പെട്ടതാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, ‘ഹർ ഘർ തിരംഗ, ഹർ ഘർ സ്വച്ഛതാ’ ക്യാമ്പയിന് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ശുചിത്വ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് രാജ്യമെമ്പാടും ആഘോഷിക്കുന്നത്. നഗരസഭയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് നഗരസഭാ സെക്രട്ടറി പ്രദീപ് എസ്. (KAS) ൽ നിന്ന് ക്യാമ്പയിൻ പോസ്റ്റർ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവകൊടി അധ്യക്ഷത വഹിച്ചു.

.
പൊതുസ്ഥലങ്ങൾ വൃത്തിയാക്കുക, ശുചിത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. വരും ദിവസങ്ങളിൽ ഈ പ്രവർത്തനങ്ങൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സജീവമായി നടപ്പാക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.


.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു എൻ എസ് , പ്രജിഷ പി. കൗൺസിലർമാരായ വി എം സിറാജ്, സുമതി കെ.എം, രാജീവൻ എൻ ടി എന്നിവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ സി രാജീവൻ നന്ദി പറഞ്ഞു.

