KOYILANDY DIARY.COM

The Perfect News Portal

വായനയ്ക്ക് ഈ വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക്; സ്‌കൂളുകളില്‍ ലൈബ്രറി മാത്രം ഉണ്ടായാല്‍ പോരാ, അവിടെ ഒരു അധ്യാപകനും വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കുട്ടികളുടെ സാഹിത്യോത്സവം അക്ഷരക്കൂട്ട് ഉദ്ഘാടനം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയൊരു ചരിത്ര സംഭവത്തിന് തുടക്കം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവനയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കും ചിറകുകള്‍ നല്‍കുന്ന ഒരു പുതിയ പദ്ധതിക്ക് നാം തുടക്കമിടുകയാണ് – കുട്ടികളുടെ സാഹിത്യോത്സവം.

പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. ഒന്നാം ക്ലാസ്സുകാരായ കുരുന്നുകളുടെ ഡയറിക്കുറിപ്പുകള്‍ എഡിറ്റ് ചെയ്ത് ‘കുരുന്നെഴുത്തുകള്‍’ എന്ന പേരില്‍ വകുപ്പ് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച പ്രതികരണം വളരെ വലുതായിരുന്നു. ആ സമയത്താണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു സംസ്ഥാനതല പുസ്തകോത്സവം സംഘടിപ്പിക്കണമെന്ന ചിന്തയുണ്ടായത്. ആ ആശയത്തെ കൂടുതല്‍ വിപുലീകരിച്ചാണ് ‘കുട്ടികളുടെ സാഹിത്യോത്സവം’ എന്ന ഈ വലിയ പരിപാടിക്ക് നാം ഇന്ന് രൂപം നല്‍കിയിരിക്കുന്നത്.

 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയുടെ നേതൃത്വത്തില്‍ ‘അക്ഷരക്കൂട്ട്’ എന്ന പേരിലാണ് ഈ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കനകക്കുന്ന്, ജവഹര്‍ ബാലഭവന്‍, മണ്‍വിള എന്നിവിടങ്ങളിലെ വിവിധ വേദികളിലായി ഈ അക്ഷരമാമാങ്കം അരങ്ങേറുകയാണ്. കുട്ടികള്‍ രചിച്ച പുസ്തങ്ങളുടെ പ്രദര്‍ശനവും അവര്‍ക്കായി സാഹിത്യ ശില്പശാലകളും പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സാഹിത്യരചനയില്‍ തല്‍പ്പരരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാനുമാണ് ഈ പദ്ധതിയിലൂടെ നാം ലക്ഷ്യമിടുന്നത്.

Advertisements

 

പുസ്തകങ്ങള്‍ രചിച്ച 140-ഓളം വിദ്യാര്‍ത്ഥികളാണ് ഈ സാഹിത്യോത്സവത്തില്‍ മുഴുവന്‍ സമയ പങ്കാളികളാകുന്നത് എന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഈ സാഹിത്യോത്സവത്തിന് മറ്റു സാഹിത്യോത്സവങ്ങളില്‍ കാണാത്ത ഒരു വലിയ പ്രത്യേകതയുണ്ട്. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ഓരോ പുസ്തകവും എഴുത്തുകാരായ അധ്യാപകര്‍ വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ കുട്ടികള്‍ മെന്റര്‍ ടീച്ചര്‍മാരുടെ സാന്നിധ്യത്തില്‍ ഈ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിന്റെ വിശകലനം പൊതുവേദിയില്‍ അവതരിപ്പിക്കുകയും ചെയ്യും. ഇത് നമ്മുടെ കുരുന്നു പ്രതിഭകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോത്സാഹനമായിരിക്കും.

 

ഇങ്ങനെയൊരു സംരംഭം ഒരു വര്‍ഷം കൊണ്ട് അവസാനിപ്പിക്കേണ്ട ഒന്നല്ല. നമ്മുടെ കുട്ടികളുടെ സര്‍ഗ്ഗശേഷിയെ ഓരോ വര്‍ഷവും പരിപോഷിപ്പിക്കേണ്ടതുണ്ട്. അവര്‍ക്ക് സ്ഥിരമായ ഒരു വേദി ഒരുക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാല്‍, ഈ ചരിത്രപരമായ മുഹൂര്‍ത്തത്തില്‍, ഏറെ സന്തോഷത്തോടെ ഞാന്‍ ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്.

 

ഈ അധ്യയന വര്‍ഷം നാം തുടക്കം കുറിക്കുന്ന ‘അക്ഷരക്കൂട്ട്’ എന്ന ഈ കുട്ടികളുടെ സാഹിത്യോത്സവം, കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഒരു സ്ഥിരം പരിപാടിയായിരിക്കും. ഇത് നമ്മുടെ കുട്ടി എഴുത്തുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഒരു ഉറപ്പാണ്. ഓരോ വര്‍ഷവും പുതിയ എഴുത്തുകാര്‍ക്ക് ഈ വേദിയില്‍ ഇടം നല്‍കും. അവരുടെ കഴിവുകളെ നാം ഒരുമിച്ച് പ്രോത്സാഹിപ്പിക്കും.

ഈ മഹത്തായ പരിപാടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ‘അക്ഷരക്കൂട്ട്’ സാഹിത്യോത്സവത്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്, ഈ വര്‍ഷത്തെ പരിപാടികള്‍ വിജയകരമാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Share news